വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് ‘വിശ്വസനീയമെന്ന് കരുതുന്നതെന്തും’ അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കേസിൽ മുഴുവൻ വിവരങ്ങളും പുറത്തുവിടുന്നതു സംബന്ധിച്ച് നീതിന്യായവകുപ്പും എഫ്ബിഐയും തമ്മിൽ കടുത്ത ഭിന്നത ഉടലെടുത്തുവെന്ന് വാർത്തകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. ജെഫ്രി എപ്സ്റ്റീൻ കേസിൽ ചിലവസ്തുതകൾ മറച്ചുപിടിക്കാൻ ശ്രമം നടന്നുവെന്നാരോപിച്ച് വിശ്വസ്തരിൽ നിന്ന് എതിർപ്പുകൾ ഉയർന്നതോടെയാണ് വിശ്വസനീയമായതെന്തും പുറത്തുവിടുന്നതിന് തടസമില്ല എന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീൻ തന്റെ ‘ഇടപാടുകാരുടെ പട്ടിക’ സൂക്ഷിച്ചതിനും ശക്തരായ വ്യക്തികളെ ബ്ലാക്ക് മെയിൽ ചെയ്യുന്നുതിനു തെളിവുകളൊന്നുമില്ലെന്നും പാംബോണ്ടി കഴിഞ്ഞയാഴ്ച പറഞ്ഞതിനെതുടർന്ന് ട്രംപിന്റെ വിശ്വസ്തരായ ചില നേതാക്കൾ ബോണ്ടിയെ വിമർശിച്ചിരുന്നു.
വിവാദത്തിൽ ഇടപെട്ട് ‘സമയവും ഊർജ്ജവും പാഴാക്കരുത്’ എന്നാണ് വാരാന്ത്യത്തിൽ ട്രംപ് തന്റെ പിന്തുണക്കാരോട് അഭ്യർത്ഥിച്ചത്. എന്നാൽ ഈ വിഷയത്തിൽകൂടുതൽ സുതാര്യമായ കാര്യങ്ങൾ ഉണ്ടാകണമെന്ന അഭിപ്രായമാണ് പ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസൺ ഉൾപ്പെടെയുള്ള പ്രസിഡന്റിന്റെ വിശ്വസ്തർ ആവശ്യപ്പെട്ടത്. ജയിലിൽ വെച്ച് മരിച്ച എപ്സ്റ്റീനുമായി ഭരണകക്ഷിയിലെ ഉന്നതർക്ക് മോശം ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.
കുട്ടികളെയുൾപ്പെടെ പീഡിപ്പിച്ചുവെന്ന കേസിൽ ഫെഡറൽ വിചാരണ കാത്തിരിക്കുന്നതിനിടെ 2019ൽ യുഎസ് ജയിലിൽ വെച്ച് മരിച്ച എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നാണ് അന്വേഷകർ പറയുന്നത്. ശിക്ഷിക്കപ്പെട്ട ശിശുപീഡകനുമായി നല്ല ബന്ധമുള്ള വ്യക്തികളെയോ രഹസ്യാന്വേഷണ ഏജൻസികളെയോ സംരക്ഷിക്കുന്നതിനായി ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) പ്രസ്ഥാനത്തിലെ പലരും കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ മറച്ചുവെച്ചിട്ടുണ്ടെന്നാണ് ആരോപണം..
‘അവർ(പാം ബോണ്ടി) ഈ വിഷയം വളരെ നന്നായി കൈകാര്യം ചെയ്തു, അത് അവരുടെ ഇഷ്ടപ്രകാരമായിരിക്കും. വിശ്വസനീയമെന്ന് അവർ കരുതുന്നതെന്തും അവർക്കു പുറത്തുവിടാം.’ തന്റെ അറ്റോർണി ജനറൽ ഈ വിഷയം കൈകാര്യം ചെയ്തതിനെ പ്രശംസിച്ചുകൊണ്ട് ചൊവ്വാഴ്ച, ട്രംപ് പറഞ്ഞു. ഏതെങ്കിലും രേഖകളിൽ തന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് അറ്റോർണി ജനറൽ ട്രംപിനോട് പറഞ്ഞിട്ടുണ്ടോ എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, ‘ഇല്ല ഇല്ല’ എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.