ഓട്ടവ: കാനഡക്കാരിൽ ഏകദേശം മൂന്നിൽ ഒരു ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണ് എന്ന് പുതിയ ഗവേഷണഫലം. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ ആണ് ഇതു സംബന്ധിച്ച പുതിയ പഠനം പ്രസിദ്ധീകരിച്ചത്. പാൻഡെമിക് സമയത്ത് കൂടുതൽ ശരീരഭാരം സംഭവിക്കുന്നതിനാൽ, ഏകദേശം മൂന്നിലൊന്ന് കനേഡിയൻമാരും പൊണ്ണത്തടിയുള്ളവരായി മാറിയിരിക്കുന്നുവെന്ന് എപ്പിഡെമിയോളജിസ്റ്റും കാർഡിയോളജിസ്റ്റുമായ ഡോ. ക്രിസ്റ്റഫർ ലാബോസ് വിശദീകരിക്കുന്നു.
2023ൽ 32.7 ശതമാനം കനേഡിയൻമാരും (10.6 ദശലക്ഷം പേർ) അമിതവണ്ണമുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2009നെ അപേക്ഷിച്ച് ഏകദേശം എട്ട് ശതമാനം പോയിൻ്റുകളുടെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചില വിഭാഗങ്ങളിൽപ്പെടുന്ന അർബുദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂട്ടുന്ന മെഡിക്കൽ അവസ്ഥയാണ് പൊണ്ണത്തടി.
പകർച്ചവ്യാധി സമയത്ത് ആളുകൾ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരായതും ലോക്ക്ഡൗണും ആളുകളുടെ ശരീര ഭാരത്തെ സ്വാധീനിച്ചിട്ടുണ്ട്. 2009നും 2023നും ഇടയിൽ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള 746,250 കനേഡിയൻമാരിലാണ് സർവ്വെ നടത്തിയത്. ഇവരുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഡാറ്റ ഉൾപ്പെടെ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ പഠനം.