വാഷിംഗ്ടൺ: അമേരിക്കയിൽ നടക്കുന്ന കൊലപാതകങ്ങളിൽ 50 ശതമാനത്തോളം കേസുകളിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ പോകുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കെന്റക്കിയിലെ ലൂയിസ് വില്ലെ പോലുള്ള നഗരങ്ങളിൽ കൊലപാതക കേസുകളിലുള്ള അന്വേഷണങ്ങളിൽ പകുതിയിലും പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യവ്യാപകമായി ഈ വിഷയം ഗുരുതരമാണ്.
2023 ൽ കൊലപാതക കേസുകളിലെ ക്ലിയറൻസ് നിരക്ക് 58 ശതമാനം ആയിരുന്നുവെങ്കിലും പോലീസ് അന്വേഷണം പൂർത്തിയാക്കിയ മുൻ വർഷങ്ങളിലെ കൊലപാതകങ്ങളും ഇതിൽ ഉൾപ്പെടുന്നതിനാൽ ഇത് കൂടുതലാണ്. അതേസമയം, കാനഡയിൽ ഹോമിസൈഡ് ക്ലിയറൻസ് റേറ്റ് ഏകദേശം 70 ശതമാനമാണ്. ടൊറന്റോ പോലീസ് സർവീസിന്റെ ക്ലിയറൻസ് റേറ്റ് വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 80 ശതമാനമാണ് ടൊറന്റോയിലെ ക്ലിയറൻസ് നിരക്ക്.
അന്വേഷണങ്ങളുടെ വ്യാപ്തിയും പോലീസിന്റെ അവിശ്വാസവും കൊലപാതക അന്വേഷണങ്ങൾക്ക് തടസ്സമായതായി യുഎസിലെ വിദഗ്ധർ പറയുന്നു. കൊലപാതക കേസുകളുടെ അന്വേഷണം നീണ്ടുപോകുന്നത് കുറ്റവാളികൾക്കും കൂസലില്ലാതെയാക്കി. കുറ്റം ചെയ്ത് പേടിയില്ലാതെ അവർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്ന തരത്തിലാക്കിയെന്നും ഇവർ കുറ്റപ്പെടുത്തുന്നു.