വിക്ടോറിയ: നിരവധി വ്യത്യസ്ത രീതികൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് ബീസി ഫെറീസിന്റെ മുന്നറിയിപ്പ്. ബീസി ഫെറീസിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇമെയിൽ, മൊബൈൽ ഫോൺ, സോഷ്യൽമീഡിയ, ഓൺലൈൻ സർവേകൾ, വ്യാജ വെബ്‌സൈറ്റുകൾ എന്നിവയിലൂടെ തങ്ങളുടെ പ്രതിനിധികളായി വേഷമിട്ട് ആളുകളെ പറ്റിക്കുന്നവരുടെ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ബീസി ഫെറീസ് മുന്നറിയിപ്പ് നൽകുന്നു.
തങ്ങൾ ഒരിക്കലും ഉപഭോക്താക്കളെ ഫോണിൽ വിളിക്കുകയോ ഇ-മെയിൽ ചെയ്യുകയോ, വിജയിക്കുന്ന സമ്മാനത്തിനായി പണം ആവശ്യപ്പെടുകയോ സോഷ്യൽ ഇൻഷുറൻസ് നമ്പറോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ചോദിച്ചറിയില്ലെന്നും ഓൺലൈൻ സർവേകൾ നടത്തുകയോ ചെയ്യില്ലെന്നും ബീസി ഫെറീസ് പ്രസ്താവനയിൽ പറഞ്ഞു.
വെബ്‌സൈറ്റ് സ്പൂഫിംഗ് സ്‌കാം
ഫെറി സർവീസിന്റെ വെബ്‌സൈറ്റ് bcferries.com ആണ്. എല്ലാ ഓദ്യോഗിക ഇമെയിലുകളും @bcferriesc.com ൽ അവസാനിക്കുന്ന വിലാസത്തിൽ നിന്നായിരിക്കും വരിക. തട്ടിപ്പുകാർ ഉപയോഗിച്ച ചില വ്യാജ സൈറ്റുകളിൽ ferryservices.website bcferryreservation.online ഉൾപ്പെടുന്നു. അതിനാൽ വെബ്‌സൈറ്റ് സന്ദർശിക്കുന്നതിന് മുമ്പ് ആധികാരികത ഉറപ്പാക്കണമെന്ന് ബീസി ഫെറീസ് മുന്നറിയിപ്പ് നൽകുന്നു. തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് സെർച്ച് എഞ്ചിനുകളിൽ ആഡ് സ്‌പേസ് തട്ടിപ്പുകാർ വാങ്ങി അതുവഴി ബീസി ഫെറീസ് ഉപഭോക്താക്കളെ ബന്ധപ്പെടുന്നു.
ഫിഷിംഗ് ഇമെയിൽ സ്‌കാം
ബീസി ഫെറീസിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന ആവശ്യമില്ലാത്ത ഇമെയിൽ സന്ദേശം ലഭിക്കും. ഇതിൽ വ്യക്തി വിവരങ്ങൾ ആവശ്യപ്പെടുകയും ഉപഭോക്താക്കൾ നൽകുന്നതോടെ തട്ടിപ്പിനിരയാക്കുകയും ചെയ്യുന്നു. തട്ടിപ്പുകാർ പങ്കുവയ്ക്കുന്ന ലിങ്കുകൾ, ലോഗോകൾ, അറ്റാച്ച്‌മെന്റുകൾ എന്നിവ യഥാർത്ഥമാണെന്ന് തോന്നിയേക്കാം. എന്നാൽ ഇവ തട്ടിപ്പാണെന്ന് തിരിച്ചറിയണം. ചിലപ്പോൾ തങ്ങളുടെ യഥാർത്ഥ പേരായ ബ്രിട്ടീഷ് കൊളംബിയ ഫെറി സർവീസസ് ഇൻകോർപ്പറേറ്റഡ് എന്നതിന് പകരം ബീസി ഫെറി കോർപ്പറേഷൻ എന്ന് തെറ്റായി ഉപയോഗിക്കുന്നത് ശ്രദ്ധിക്കണമെന്നും ബീസി ഫെറീസ് മുന്നറിയിപ്പ് നൽകി.