ബ്രിട്ടിഷ് കൊളംബിയയിലെ കെലോന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ കാട്ടുതീയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വിമാനത്താവളത്തിന് വടക്കുള്ള എല്ലിസണ്‍ പ്രദേശത്താണ് തീ പടര്‍ന്നത്. വരണ്ട കാലാവസ്ഥ കാരണം അതിവേഗം തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്‌നിശമന വിമാനങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കുന്നതിനായി വ്യോമാതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
വൈൽഡ്‌ഫയർ സർവീസിന്റെ കണക്കനുസരിച്ച്, തീപിടുത്തം 4.31 ഹെക്ടര്‍ ഭൂപ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. എയര്‍ ടാങ്കറുകള്‍, ഹെലികോപ്റ്ററുകള്‍, ഗ്രൗണ്ട് ക്രൂ എന്നിവരെല്ലാം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
കെലോന, ലേക്ക് കണ്‍ട്രി, ജോ റിച്ച്, നോര്‍ത്ത് വെസ്റ്റ്‌സൈഡ്, വില്‍സണ്‍സ് ലാന്‍ഡിങ് എന്നീ വകുപ്പുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പടര്‍ന്നെത്താന്‍ സാധ്യതയുളളതിനാല്‍ കെലോന ആര്‍സിഎംപി റോക്ക്ഫേസ് റോഡ്, അപ്പര്‍ ബൂത്ത് റോഡ്, ഡെഡ് പൈന്‍ റോഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.