ഓട്ടവ: കാനഡയിലേക്ക് കുടിയേറ്റത്തിന് അപേക്ഷിക്കുന്നവരുടെ താൽപ്പര്യങ്ങളെക്കാൾ ദേശീയ സുരക്ഷയ്ക്ക് മുൻതൂക്കം നൽകേണ്ടതുണ്ടെന്ന് ഇമിഗ്രേഷൻ വിഭാഗം. പതിറ്റാണ്ടുകളായി ഫലപ്രദമല്ലാത്തതും ദോഷകരവുമായ കുടിയേറ്റ നയങ്ങളാണ് കാനഡയിലേതെന്ന് വിദഗ്ധർ പറയുന്നു. അന്താരാഷ്ട്ര സുരക്ഷാ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ, ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇവർ വ്യക്തമാക്കുന്നു.
ന്യായവും സുരക്ഷിതവുമായ ഒരു സംവിധാനത്തിലേക്ക് രാജ്യം തിരികെ വരേണ്ടതുണ്ടെന്ന് ഇമിഗ്രേഷൻ അഭിഭാഷകൻ സെർജിയോ കാരസ് പറഞ്ഞു. കാനഡക്കാരുടെയും കാനഡയിൽ താമസിക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ആദ്യ പരിഗണ നൽകേണ്ടത്, കുടിയേറ്റത്തിന് അപേക്ഷിക്കുന്നവരുടെ താല്പര്യങ്ങൾ അതിന് ശേഷം മാത്രമെ പരിഗണിക്കേണ്ടതുണള്ളൂ, അദ്ദേഹം പറഞ്ഞു.
ഇറാൻ – ഇസ്രയേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (IRGC) ഉദ്യോഗസ്ഥരും അംഗങ്ങളും കാനഡയിൽ അഭയം തേടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർക്ക് പുറമെ ആയിരക്കണക്കിന് ഫലസ്തീൻ അഭയാർത്ഥികളും കാനഡയിൽ എത്താൻ സാധ്യതയുണ്ട്. ഇവരുടെ പശ്ചാത്തലം ശരിയായി പരിശോധിക്കാൻ സാധിക്കുമോ എന്നതിനെ കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. ഇങ്ങനെ എത്തുന്നവരിൽ ചിലർക്ക് ഹമാസ്, അല്ലെങ്കിൽ പിഎൽഎഫ്‌പി (Popular Front for the Liberation of Palestine) പോലുള്ള സംഘടനകളുമായി ബന്ധങ്ങൾ ഉണ്ടാകാമെന്ന ഭയവും ചിലർ പങ്കുവയ്ക്കുന്നുണ്ട്. കാനഡയിലെ ഭീകരസംഘടനയായ സമിദൂണുമായി ബന്ധമുള്ള സംഘടനയാണ് പിഎൽഎഫ്‌പി. ഈ പശ്ചാത്തലത്തിലാണ് ദേശീയ സുരക്ഷയ്ക്ക് മുൻഗണന നല്കണമെന്ന ആവശ്യം ശക്തമാകുന്നത്.