അമേരിക്കയിലും പുറത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള, ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബില്‍ കോണ്‍ഗ്രസ് പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയുടെ നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നും, അത് ആഭ്യന്തരമായും അന്തര്‍ദേശീയമായും കാര്യമായ സ്വാധീനം ചെലുത്തുമെന്നും വിലയിരുത്തപ്പെടുന്നു. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു.
അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ഇന്ന് (വെള്ളിയാഴ്ച) പ്രസിഡന്റ് ട്രംപ് ബില്ലില്‍ ഒപ്പുവെക്കും. ‘വിജയം, വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്’ എന്ന് വൈറ്റ് ഹൗസ് എക്സില്‍ കുറിച്ചു. ചൊവ്വാഴ്ച സെനറ്റില്‍ ബില്‍ പാസായിരുന്നു. സെനറ്റിലെ 100 അംഗങ്ങളില്‍ 50 പേര്‍ അനുകൂലിച്ചും 50 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് ബില്‍ സെനറ്റ് കടന്നത്.