കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോർജ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തകർന്ന കെട്ടിടം മെഡിക്കൽ കോളേജിൻറെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടൻ തെരച്ചിൽ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലപ്പഴക്കം കൊണ്ട് കെട്ടിടെ ഉപയോഗിക്കാൻ കഴിയില്ലെന്ന് നേരെത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകർന്നത്. ഏത് സാഹചര്യത്തിൽ ആണ് ഈ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണ കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങി തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.