ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന് മംദാനിയെ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയെ ന്യൂയോര്‍ക്ക് നഗരത്തെ ‘നശിപ്പിക്കാന്‍’ അനുവദിക്കില്ലെന്നും എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ന്യൂയോര്‍ക്ക് നഗരത്തെ താന്‍ രക്ഷിക്കുമെന്നും വീണ്ടും ‘ഹോട്ട്’ ആന്‍ഡ് ‘ഗ്രേറ്റ്’ ആക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ഇന്‍ഡോ -അമേരിക്കന്‍ വംശജനും നിയമസഭാംഗവുമായ 33കാരനായ സൊഹ്റാന് മംദാനി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെയാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള മത്സരത്തില്‍ അട്ടിമറിച്ചത്. ഇതോടെയാണ് ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള ന്യൂയോര്‍ക്ക് നഗരത്തില്‍ ആദ്യമായി മുസ്ലിം മേയര്‍ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞത്. ഇതോടെ മംദാനിക്കുനേരെ കടുത്ത ആക്രമണമാണ് ട്രംപ് നടത്തുന്നത്. ഇടതുപക്ഷക്കാരനും പലസ്തീന് അനുകൂല നിലപാടുള്ളയാളുമായ സൊഹ്റാന് മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി വരുന്നത് ട്രംപിനും യാഥാസ്ഥിതികര്‍ക്കും കനത്ത തിരിച്ചടിയാണ്.