newsroom@amcainnews.com

കുടിയേറ്റ ചട്ടക്കൂട് ശക്തിപ്പെടുത്താൻ കാനഡ; കുടിയിറക്കപ്പെട്ടവർക്കും സ്കിൽഡ് അഭയാർഥികൾക്കും സ്ഥിരതാമസത്തിന് പുതിയ രൂപരേഖ

ഒന്റാരിയോ: ഇക്കണോമിക് മൊബിലിറ്റി പാത്ത്‌വേസ് പൈലറ്റിന്റെ (ഇഎംപിപി) അടിത്തറയിൽ പുതിയ സ്ഥിരതാമസ പാത അവതരിപ്പിക്കാൻ കാനഡ. സാമ്പത്തിക കുടിയേറ്റ ചട്ടക്കൂട് ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടിയിറക്കപ്പെട്ടവർ, സ്കിൽഡ് അഭയാർഥികൾ തുടങ്ങിയവർക്ക് കാനഡയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള സ്ഥിരം രീതിയാണ് സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. 2025- 26ലെ ഇമിഗ്രേഷൻ, റെഫ്യൂജി, സിറ്റിസൺഷിപ്പ് കാനഡയുടെ (ഐആർസിസി) ഡിപ്പാർട്ട്മെന്റൽ പദ്ധതിയുടെ ഭാഗമാണ് പ്രഖ്യാപനം. യോഗ്യതാ മാനദണ്ഡങ്ങളെയും പ്രോഗ്രാം ഘടനയെയും കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഡിസംബർ 31ന് ഇഎംപിപി കാലഹരണപ്പെടുന്നതിന് മുമ്പ് പുതിയ പ്രോഗ്രാം ആരംഭിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.

2018ലാണ് ഇഎംപിപി ആരംഭിച്ചത്. സാമ്പത്തിക കുടിയേറ്റ പരിപാടികളിലൂടെ വൈദഗ്ധ്യമുള്ള അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും കനേഡിയൻ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2019 മുതൽ 2025 മാർച്ച് വരെയുള്ള ഔദ്യോഗിക ഡേറ്റ പ്രകാരം 970 വ്യക്തികൾ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഫെഡറൽ, റീജിയണൽ സ്ട്രീമുകൾ വഴി പ്രവർത്തിക്കുന്ന ഇഎംപിപിക്ക് അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (എഐപി), പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) എന്നിങ്ങനെ രണ്ട് രീതികളുണ്ട്. ഫെഡറൽ സ്ട്രീമിന് ജോബ് ഓഫർ സ്ട്രീം, നോ ജോബ് ഓഫർ സ്ട്രീം എന്നിങ്ങനെ രണ്ട് ഘടകങ്ങളുണ്ട്. യോഗ്യത നേടുന്നതിന് അപേക്ഷകർ അംഗീകൃത ഡോക്യുമെന്റേഷൻ വഴിയോ ഐആർസിസി അംഗീകൃത പങ്കാളികളിൽ നിന്നുള്ള റഫറലുകൾ വഴിയോ അവരുടെ അഭയാർഥി- കുടിയേറ്റ പദവി തെളിയിക്കണം. അപേക്ഷകളെല്ലാം കാനഡയ്ക്ക് പുറത്ത് നിന്നാണ് സമർപ്പിക്കേണ്ടത്.

കനേഡിയൻ തൊഴിലുടമകളുടെ മുഴുവൻ സമയ തൊഴിൽ ഓഫറുകളുള്ള അപേക്ഷകർക്ക് ജോബ് ഓഫർ സ്ട്രീം വഴി അപേക്ഷിക്കാനാവും. അവർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ (എൻഒസി) പരിശീലനം, വിദ്യാഭ്യാസം, പരിചയം, ഉത്തരവാദിത്തങ്ങൾ (ടിഇഇആർ) വിഭാഗങ്ങളെ അടിസ്ഥാനമാക്കി ഭാഷാ പ്രാവീണ്യം ഉൾപ്പെടെ മതിയായ യോഗ്യതകൾ ഉണ്ടായിരിക്കണം. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ പരിചയവും മതിയായ വിദ്യാഭ്യാസ യോഗ്യതയുമുള്ള വ്യക്തികളെ ലക്ഷ്യമിടുന്നതാണ് നോ ജോബ് ഓഫർ സ്ട്രീം. കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് (സിഎൽബി) ഏഴ് മാനദങ്ങൾ പാലിക്കുന്നതും നാല് ഭാഷാ വൈദഗ്ദ്യവും ഈ സ്ട്രീമിന് വേണം. നിലവിൽ ഈ സ്ട്രീം ലഭ്യമല്ല.

അപേക്ഷകർ ആദ്യം എഐപി അല്ലെങ്കിൽ പിഎൻപി പ്രകാരം യോഗ്യത പാലിക്കുകയും തുടർന്ന് ഇഎംപിപി വഴി അപേക്ഷിക്കുകയും വേണം. മുഴുവൻ സമയ ജോലി ഓഫർ, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഭാഷാ പ്രാവീണ്യം, മതിയായ വിദ്യാഭ്യാസ അല്ലെങ്കിൽ പ്രൊഫഷണൽ പശ്ചാത്തലം എന്നിവ ഉണ്ടായിരിക്കണം. എഐപി പ്രകാരം ക്രെഡൻഷ്യൽ അസസ്മെന്റുകളിലും ജോലി സമയ പ്രത്യേകതകളിലും ഇളവുകളുണ്ട്. ഇഎംപിപി അപേക്ഷകർക്കും അവരുടെ ആശ്രിതർക്കും അപേക്ഷ, ബയോമെട്രിക് ഫീസ് എന്നിവയിൽ ഇളവ് ലഭിക്കും. മെഡിക്കൽ പരീക്ഷകൾക്കുള്ള ചെലവുകളും ഇതിൽ ഉൾപ്പെടുന്നു. സ്ഥിര താമസ ഫീസിൽ ഇളവ് ഉൾപ്പെടെയുള്ള യാത്രാ ചെലവുകളും സെറ്റിൽമെന്റ് സേവനങ്ങളിലും ഫെഡറൽ സർക്കാർ കൂടുതൽ സഹായിക്കും.

ഇഎംപിപി പോലുള്ള ഇമിഗ്രേഷൻ പൈലറ്റുകൾ സമയപരിമിതമായ പ്രോഗ്രാമുകളാണ്. സാധാരണയായി അഞ്ച് വർഷത്തേക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ നയങ്ങൾക്കായുള്ള പരീക്ഷണമായി അവ പ്രവർത്തിക്കുന്നു. അവ വിജയകരമായാൽ സ്ഥിരമായ പ്രോഗ്രാമുകളിലേക്ക് മാറിയേക്കാം. പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ എപ്പോൾ പുറത്തുവിടുമെന്ന് ഫെഡറൽ സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സാമ്പത്തിക വളർച്ചയ്ക്കും ആഗോള ഉത്തരവാദിത്തത്തിനും കുടിയേറ്റം ഉപയോഗിക്കുന്നതിനുള്ള കാനഡയുടെ തുടർച്ചയായ പ്രതിബദ്ധതയെ ഈ തീരുമാനം സൂചിപ്പിക്കുന്നു.

You might also like

`കാനഡയിലെ യാഥാര്‍ത്ഥ്യം ഇതാണ്, ഇന്ത്യ തന്നെയാണ് നല്ലത്’; വൈറല്‍ വീഡിയോയുമായി യുവതി

രാജ്യത്തിന്റെ 158-ാം വാർഷികത്തോട് അനുബന്ധിച്ച് 158 ജിബിയുടെ പ്രത്യേക പ്ലാൻ; കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്

കാനഡയില്‍ രാജ്യാന്തര വിദ്യാര്‍ത്ഥി വീസ സമ്പ്രദായം പുനഃപരിശോധിക്കും

അഹമ്മദാബാദ് വിമാന ദുരന്തം: അവസാന മൃതദേഹവും കൈമാറി, ഡിഎൻഎ പരിശോധനകൾ കഴിഞ്ഞു; ആകെ 260 മരണം

ടിക് ടോക്ക് വാങ്ങാൻ ഞങ്ങൾക്കൊരാളുണ്ട്, രണ്ടാഴ്ചയ്ക്കുള്ളിൽ ആളെ വെളിപ്പെടുത്തും; സസ്പെൻസുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്

സസ്‌കാച്വാനില്‍ അഞ്ച് മണിക്കൂറിനുള്ളില്‍ എട്ട് ചുഴലിക്കാറ്റുകള്‍

Top Picks for You
Top Picks for You