newsroom@amcainnews.com

ഐഎസ്ഐ ബന്ധമുള്ളവരോടാണ് സംസാരിക്കുന്നതെന്ന് അറസ്റ്റിലായ വനിതാ യുട്യൂബർക്ക് അറിയാമായിരുന്നുവെന്ന് റിപ്പോർട്ട്; പാക്കിസ്ഥാനിൽ ജ്യോതിക്ക് എകെ–47 തോക്കുധാരികളുടെ സംരക്ഷണവും

ന്യൂഡൽഹി: പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുള്ളവരോടാണ് സംസാരിക്കുന്നതെന്ന് യുട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് അറിയാമായിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ അവർ അതിനെ ഭയപ്പെട്ടിരുന്നില്ലെന്നാണു പുറത്തുവന്ന പുതിയ തെളിവുകളിൽനിന്നു വ്യക്തമാകുന്നത്. ജ്യോതിയുടെ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണു ഹരിയാന പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. ചാരവൃത്തിക്ക് പൊലീസ് അറസ്റ്റ് ചെയ്ത 33കാരിയായ ജ്യോതിക്കെതിരെയുള്ള അന്വേഷണം ശക്തമാവുകയാണ്.

ജ്യോതി നാല് ഐഎസ്ഐ ഏജന്റുമാരുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നുവെന്നാണു പരിശോധനയിൽനിന്നു വ്യക്തമായതെന്നു ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ പാക്ക് ഹൈക്കമ്മിഷൻ സന്ദർശിച്ചപ്പോൾ അവിടെ വച്ച് പരിചയപ്പെട്ട ഡാനിഷ്, അഹ്സാൻ, ഷാഹിദ് എന്നിവരും അതിൽ ഉൾപ്പെടുന്നു. പാക്ക് സേനയിലെ ഇവരുടെ ഔദ്യോഗിക സ്ഥാനങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ജ്യോതിയുടെ മൊബൈലും ലാപ്‌ടോപ്പും ഉൾപ്പെടുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് മുൻപ് പിടിച്ചെടുത്തിരുന്നു. ധാരാളം സന്ദേശങ്ങളും വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നെങ്കിലും 12 ടെറാബൈറ്റോളം ഡേറ്റ പൊലീസിനു വീണ്ടെടുക്കാൻ കഴിഞ്ഞു. ഇതിൽനിന്നു ലഭിച്ച തെളിവുകൾ പ്രകാരം താൻ സംസാരിക്കുന്നത് ഐഎസ്ഐ ഉദ്യോഗസ്ഥരോടാണെന്ന് ജ്യോതിക്ക് അറിയാമായിരുന്നെന്നും എന്നാൽ ബന്ധം തുടരുന്നതിൽ ഭയമില്ലായിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്. ജ്യോതിയുടെ ആഡംബര യാത്രകളും വരുമാനത്തിൽ കവിഞ്ഞ ചെലവുകളും മുൻപുതന്നെ പൊലീസ് ശ്രദ്ധിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ സമീപിക്കാൻ ഹരിയാന പൊലീസ് ആലോചിക്കുന്നുണ്ട്.

അതേസമയം, പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ എകെ–47 തോക്കുകൾ കൈവശം വച്ച ആയുധധാരികളുടെ സംരക്ഷണയിലായിരുന്നു ജ്യോതിയുടെ സഞ്ചാരമെന്ന വാർത്തയും പുറത്തുവന്നു. ലഹോറിലെ അനാർക്കലി ബസാറിൽ ബ്രിട്ടനിലെ സ്കോട്ടിഷ് യുട്യൂബർ കെലം മിൽ അവരെ കണ്ടിരുന്നു. അവരോടു സംസാരിച്ച് വിഡിയോയും പകർത്തി. ജ്യോതിയോടൊപ്പം ആയുധധാരികളായവരെയും കെലം വിഡിയോയിൽ കാണിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ ജ്യോതിക്ക് ഇത്രയും ഉന്നത സുരക്ഷ ലഭിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ട്രാവൽ വ്ലോഗ് ചാനൽ നടത്തുന്ന ജ്യോതിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമവും ഭാരതീയ ന്യായ സംഹിതയിലെ രാജ്യത്തിന്റെ ഐക്യം, പരമാധികാരം, അഖണ്ഡത എന്നിവയ്ക്കു ഭീഷണിയായ പ്രവർത്തനങ്ങൾക്കു ശിക്ഷ വിധിക്കുന്ന വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇപ്പോൾ ലഭിച്ച തെളിവുകൾ അനുസരിച്ചു കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

Top Picks for You
Top Picks for You