യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടതായും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45ഓടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു.
കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും നിലനിൽക്കെയാണ് ബോംബാർഡിയർ ചലഞ്ചർ 600 ശ്രേണിയിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായാണ് വിവരം.







