ബ്രാംപ്ടൺ: പീൽ മേഖലയിൽ വാഹന മോഷണങ്ങളിൽ ഗണ്യമായ വർധന റിപ്പോർട്ട് ചെയ്‌ത് പീൽ റീജനൽ പൊലീസ് (പിആർപി). കഴിഞ്ഞ 31 ദിവസത്തിനുള്ളിൽ മിസ്സിസാഗയിലും ബ്രാംപ്ടണിലും 367 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പീൽ പൊലീസ് അറിയിച്ചു. ജൂലൈ 23 നും ഓഗസ്റ്റ് 23 നും ഇടയിൽ മിസ്സിസാഗയിൽ 196 ഉം ബ്രാംപ്ടണിൽ 171 വാഹനങ്ങളും മോഷ്ടിക്കപ്പെട്ടു.
ശനിയാഴ്ച വരെ, മോഷണം പോയ വാഹന കേസുകളിൽ 11 എണ്ണം പരിഹരിച്ചതായും 311 കേസുകൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും 45 കേസുകൾ പരിഹരിക്കപ്പെട്ടില്ലെന്നും പീൽ പൊലീസ് അറിയിച്ചു. മോഷ്ടിച്ച വാഹനങ്ങളിൽ 252 കാറുകളും, 23 മോട്ടോർ സൈക്കിളുകളും, 75 ട്രക്കുകളും, 17 മറ്റ് വാഹനങ്ങളും ഉൾപ്പെടുന്നു. കോർട്ട്നി പാർക്ക് ഡ്രൈവ്, ഡിക്സി റോഡ്, ഗ്രേറ്റ് ലേക്സ് ഡ്രൈവ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മോഷണം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മിക്ക കാറുകളും ഡ്രൈവ്‌വേകളിൽ നിന്ന് മോഷ്ടിക്കപെടുന്നതിനാൽ കഴിയുമെങ്കിൽ പൂട്ടിയ ഗാരേജിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക
സ്റ്റിയറിംഗ് വീൽ ലോക്ക് ഉപയോഗിക്കുക
ഡാറ്റ പോർട്ട് ലോക്ക് ഇൻസ്റ്റാൾ ചെയ്യുക
സിസിടിവി സ്ഥാപിക്കുക







