ആൽബർട്ട: ആൽബർട്ടയിൽ അവയവ ദാനത്തിൽ റെക്കോർഡ് വർദ്ധന. പ്രവിശ്യ ആരോഗ്യ അതോറിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം മരിച്ച നിരവധി ആൽബെർട്ടക്കാരുടെ അവയവങ്ങളും ശരീരഭാഗങ്ങളും മറ്റുള്ളവർക്ക് പുതുജീവൻ നൽകുന്നതിനായി ഉപയോഗപ്പെടുത്തി.
2024-ൽ 317 പേരാണ് അവയവങ്ങളും ശരീരഭാഗങ്ങളും ദാനം ചെയ്തത്. ആൽബെർട്ടയുടെ അവയവ, ടിഷ്യു ദാന പദ്ധതിയായ ഗിവ് ലൈഫ് ആൽബെർട്ടയാണ് ഇക്കാര്യം അറിയിച്ചത്.
മരിച്ച വ്യക്തികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ഉദാരമനസ് കൊണ്ട് കഴിഞ്ഞ വർഷം 423 അവയവങ്ങൾ മാറ്റിവയ്ക്കാൻ കഴിഞ്ഞതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു. ഇതിൻ്റെ ഫലമായി നൂറുകണക്കിന് ജീവനുകൾ രക്ഷിക്കപ്പെട്ടു. ഗിവ് ലൈഫിൻ്റെ കണക്കനുസരിച്ച്, ഇത് തുടർച്ചയായ മൂന്നാം വർഷമാണ് അവയവദാതാക്കളുടെ എണ്ണം വർദ്ധിക്കുന്നത്. 2023 ൽ 273 ദാതാക്കളും 2022 ൽ 248 ദാതാക്കളും ഉണ്ടായിരുന്നു. മരണപ്പെട്ടവരുടെ അവയവ ദാനം സമീപ വർഷങ്ങളിൽ വർദ്ധിക്കുന്നതിനോടുള്ള നന്ദി സൂചകമായി നിരവധി നയപരമായ മാറ്റങ്ങളും പ്രവിശ്യ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
2021-ൽ ആരംഭിച്ച സ്പെഷ്യലിസ്റ്റ് ഇൻ എൻഡ്-ഓഫ്-ലൈഫ് കെയർ, ന്യൂറോപ്രോഗ്നോസ്റ്റിക്കേഷൻ, ഡൊണേഷൻ (SEND) പ്രോഗ്രാം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന നിലവാരമുള്ള എൻഡ്-ഓഫ്-ലൈഫ് കെയർ ഉറപ്പാക്കുന്നതിന് ആരോഗ്യ സംരക്ഷണ സംഘങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്ന പ്രത്യേക തീവ്രപരിചരണ ഡോക്ടർമാർ ഇതിൽ ഉൾപ്പെടുന്നു. അവയവ ദാതാക്കളെ തിരിച്ചറിയുന്നതും പരിചരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.