വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ആരംഭിച്ചതോടെ ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥികൾ. പലരും തങ്ങളുടെ പാർട് ടൈം ജോലി ഉപേക്ഷിക്ഷിക്കുന്നതായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെ വിദ്യാർത്ഥികൾ പാർട് ടൈം ജോലികൾ ഉപേക്ഷിക്കുകയാണ്. പഠനം പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ നിൽക്കുകയാണ് ഉദ്ദേശ്യമെന്നും വെല്ലുവിളിയേറ്റെടുക്കാൻ തയ്യാറല്ലെന്നും വിദ്യാർഥികൾ പറയുന്നു. പലരും ലക്ഷങ്ങൾ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ പിടികൂടി തിരിച്ചയക്കുമെന്നതാണ് ഇവർ നേരിടുന്ന ഭീഷണി.
കോളേജ് പഠനത്തിനിടെ പാർട്ട് ടൈം ജോലി ചെയ്താണ് വിദ്യാർഥികൾ ചെലവിനുള്ള പണം കണ്ടെത്തുന്നത്. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെയാണ് കാമ്പസിൽ ജോലി (ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്,ബുക്ക് സ്‌റ്റോർ അസിസ്റ്റന്റ്, ഫിറ്റ്‌നസ് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്) ചെയ്യാൻ സർക്കാർ അനുവാദമുള്ളത്. എന്നാൽ വാടക, ഭക്ഷണം, മറ്റ് ജീവിതച്ചെലവുകൾ എന്നിവയ്ക്കായി പല വിദ്യാർത്ഥികളും പലപ്പോഴും കാമ്പസിന് പുറത്തുള്ള റെസ്റ്റോറന്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ, അല്ലെങ്കിൽ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ജോലി നോക്കേണ്ടി വരികയാണ്. അവരവിടെ ജോലി ചെയ്യുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളുണ്ടാകാറില്ല. ഇത് ചട്ടവിരുദ്ധമായാണ് കണക്കാക്കുന്നത്. ട്രംപ് സർക്കാർ നിയമം കൂടുതൽ കർക്കശമാക്കുന്നതോടെ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളെ ഗുരുതരമായി ബാധിക്കും. നിയമത്തെ മറികടന്ന് ജോലിയിൽ തുടർന്നാൽ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് വിദ്യാർഥികൾ.
അമേരിക്കയിലെ വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്നുള്ള റിപ്പോർട്ടുകൾ കുറച്ച് മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. വിദേശ വിദ്യാർഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് പ്രകാരം 2023-24 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 3,31,602 വിദ്യാർഥികളാണ് അമേരിക്കയിൽ പഠിക്കാനെത്തിയത്. റിപ്പോർട്ട് പ്രകാരം ആകെ വിദേശ വിദ്യാർഥികളിൽ (11.27 ലക്ഷം) 29 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്. ഒരു വിദ്യാർഥിക്ക് പ്രതിമാസം ഏകദേശം 300 ഡോളർ (25349 ഇന്ത്യൻ രൂപ) വാടകയ്ക്ക് മാത്രം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് പഠനത്തിനായി അമേരിക്കയിലെത്തുന്ന വിദ്യർഥികളിൽ ഏറിയ പങ്കും അവിടെ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ കുട്ടികളെ പരിചരിക്കുന്ന ജോലിയാണ് കണ്ടെത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ ജോലികളിൽ പെൺകുട്ടികൾക്കാണ് മുൻഗണന. മണിക്കൂറിന് 13 മുതൽ 18 വരെ യുഎസ് ഡോളറാണ് (1098 മുതൽ 1520 ഇന്ത്യൻ രൂപ) ഇതിന് പ്രതിഫലമായി ലഭിക്കുന്നത്. കൂടാതെ ഭക്ഷണവും താമസവും കൂടി ലഭിക്കുന്നതോടെ വിദ്യാർഥികൾക്ക് ഈ ജോലി സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന് സഹായമാകുന്നു.
ഓപ്പൺ ഡോർസ് 2024 റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയിൽ ഇന്ത്യൻവിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലാണ്. 1.97 ലക്ഷത്തോളം വിദ്യാർഥികളാണ് ഇവിടെ വിവിധ മാസ്റ്റേഴ്‌സ് ബിരുദത്തിന് പഠിക്കുന്നത്. മുൻവർഷത്തെക്കാൾ 19 ശതമാനം വർധന ഇവരുടെ എണ്ണത്തിലുണ്ടായി. നൈപുണ്യവികസനത്തിനുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒ.പി.ടി.) കോഴ്‌സുകളിൽ 97000-ലേറെ ഇന്ത്യൻ വിദ്യാർഥികൾ ചേർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.