newsroom@amcainnews.com

ജോലി ഇല്ല, സങ്കൽപത്തിന് അനുസരിച്ചുള്ള സൗന്ദര്യമില്ല… നാട്ടുകാർ കണ്ടാൽ നാണക്കേട്… വിഷ്ണുജ അനുഭവിച്ചിരുന്നത് കടുത്ത മാനസികപീഡം; പ്രബിന് നാട്ടിൽ ഒരു മുഖവും ഉള്ളിൽ മറ്റൊരു മുഖവുമെന്ന് സഹോദരീഭർത്താവ്

‘‘വിഷ്ണുജയ്ക്കു ജോലി ഇല്ലെന്നും തന്റെ സങ്കൽപത്തിന് അനുസരിച്ചുള്ള സൗന്ദര്യം ഇല്ലെന്നും പറഞ്ഞായിരുന്നു പ്രബിൻ നിരന്തരം പീഡിപ്പിച്ചിരുന്നത്. ബൈക്കിൽ വിഷ്ണുജ വരുന്നതിനോട് പ്രബിന് താൽപര്യമില്ലായിരുന്നു. നാട്ടുകാർ കണ്ടാൽ നാണക്കേടാണെന്നാണ് പറഞ്ഞിരുന്നത്. എപ്പോഴും തിരക്കിലും ടൂറിലും ആയിരുന്നു. എവിടെയും വിഷ്ണുജയെ കൂട്ടിയിരുന്നില്ല’’– മലപ്പുറം എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ സഹോദരീഭർത്താവ് ശ്രീകാന്ത് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, വിഷ്ണുജയുടെ ഭർത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്തു. ഭർതൃവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്.

‘‘ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് വീട്ടുകാരോടും ചേച്ചിമാരോടും പറഞ്ഞിരുന്നെങ്കിലും ഇത്ര മാത്രം വലുതാണെന്ന് അറിഞ്ഞില്ല. മരണം അറിഞ്ഞ് വീട്ടിലെത്തിയ ചില സുഹൃത്തുക്കളാണ് കടുത്ത മാനസിക പീഡനമാണ് വിഷ്ണുജ അനുഭവിച്ചിരുന്നത് എന്ന് വീട്ടുകാരോട് പറയുന്നത്. പ്രബിൻ പീഡിപ്പിക്കുന്ന കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെങ്കിലും ഒരു കാരണവശാലും എല്ലാ കാര്യങ്ങളും വീട്ടുകാർ അറിയരുതെന്നും അവർ വിഷമിക്കും എന്നും വിഷ്ണുജ വിലക്കിയിരുന്നു. പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനാകും എന്നും കടുംകൈ ഒന്നും ചെയ്യില്ലെന്നുമാണ് കൂട്ടുകാരോട് പറഞ്ഞിരുന്നത്.

വീട്ടുകാർ ഇടപെട്ടാൽ പ്രബിനുമായുള്ള ബന്ധം ഒഴിവാക്കി വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നായിരുന്നു അവളുടെ പേടി. തനിക്ക് ജോലി കിട്ടിയാൽ പ്രശ്നങ്ങൾ തീരുമെന്ന് കരുതിയാണ് ഇത്രകാലവും അവിടെ പിടിച്ചുനിന്നത്. കോഴ്സ് തീർന്നു പരീക്ഷ കഴിഞ്ഞാൽ സ്വകാര്യ സ്ഥാപനത്തിലെങ്കിലും ജോലി കിട്ടുമെന്നും അതോടെ പ്രബിന് തന്നോടുള്ള പ്രശ്നങ്ങൾ മാറും എന്നുമായിരുന്നു വിഷ്ണുജയുടെ പ്രതീക്ഷ. മൂന്ന് പെൺകുട്ടികളാണ് വിഷ്ണുജയുടെ മാതാപിതാക്കൾക്ക്. താൻ വീട്ടിൽ വന്നുനിന്നാൽ പ്രായമായ അച്ഛനും അമ്മയ്ക്കും ബാധ്യതയാകുമെന്ന് ഭയന്നിട്ടാകാം ആരോടും പറയാതിരുന്നത്. ഒരു തവണ ഫോൺ വിളിക്കുമ്പോൾ പ്രബിൻ വഴക്കു പറയുന്നതു കേട്ട് എന്താണ് പ്രശ്നമെന്ന് അച്ഛൻ ചോദിച്ചിരുന്നു. ചെറിയ പ്രശ്നമാണ്, സ്വയം തീർത്തോളാം എന്നായിരുന്നു അവൾ പറഞ്ഞത്.

പരിചയമില്ലാത്ത നമ്പറിൽനിന്ന് അരീക്കോടുള്ള വിഷ്ണുജയുടെ ചേച്ചിയുടെ ഫോണിലേക്ക് വിളിച്ചാണ് മരണവിവരം അറിയിക്കുന്നത്. അടുത്തു താമസിക്കുന്നത് ഞാനായതിനാൽ ചേച്ചി എന്നെ വിളിച്ച് വിഷ്ണുജയുടെ വീട്ടിൽ എന്തോ പ്രശ്നമുണ്ടെന്നും ഉടന അങ്ങോട്ടേക്ക് പോകണമെന്നും പറഞ്ഞു. പ്രബിന്റെ വീട്ടിലെത്തുമ്പോൾ അവിടെ കുറച്ചുപേരുണ്ടായിരുന്നു. അതിൽ ഒരാളാണ് മുറിയിലേക്ക് കൊണ്ടുപോയി വിഷ്ണുജയെ മരിച്ചനിലയിൽ കാണിച്ചുതന്നത്. ഞാൻ അവിടെയെത്തി 10–15 മിനിറ്റ് കഴിയുമ്പോഴേക്കും പൊലീസെത്തി. രാവിലെ 11 മണിയോടെ പ്രബിൻ സിനിമയ്ക്കെന്ന് പറഞ്ഞ് പോയതിനുശേഷമാണ് സംഭവം.

പ്രബിന്റെ അമ്മയും വിഷ്ണുജയും മാത്രമായിരുന്നു പിന്നീട് വീട്ടിൽ. അമ്മ താഴത്തെ മുറിയിലായിരുന്നു. വൈകിട്ട് 5 മണിയോടെ വിഷ്ണുജ മുറി തുറക്കുന്നില്ലെന്ന് പറഞ്ഞതു പ്രകാരം സമീപവാസിയെത്തി വാതിൽ കുത്തിത്തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടതെന്നാണ് അവർ പറയുന്നത്. വൈകിട്ട് 5 മണിയായിട്ടും ഭക്ഷണം കഴിക്കാൻ പോലും വരാതിരുന്ന കുട്ടിയെ ആരും അന്വേഷിച്ചില്ല. പ്രബിന്റെ പീഡനത്തെക്കുറിച്ച് അയാളുടെ വീട്ടുകാർക്കും അറിയാമായിരുന്നു. വിഷ്ണുജയുടെ കൂട്ടുകാർ വീട്ടിൽവന്ന സമയം മുഖത്ത് പ്രബിൻ തല്ലിയ പാട് കണ്ട് അവർ അന്വേഷിച്ചിരുന്നു. ഇത് വീട്ടിലുള്ള അമ്മയും കണ്ടിട്ടുണ്ടാവുമല്ലോ. ഇതൊന്നും പുറത്തുപറയാൻ അവർ സമ്മതിച്ചില്ല.

വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും പ്രബിൻ ഒരു ദിവസംപോലും വിഷ്ണുജയുടെ വീട്ടിൽവന്ന് നിന്നിട്ടില്ല. അവൾ മാത്രമാണ് വരുന്നത്. അപൂർവമായി വിഷ്ണുജയെ കൂട്ടിക്കൊണ്ടുപോകാൻ മാത്രം വരും. ആളുകൾക്കിടയിലേക്ക് വരുന്ന സ്വഭാവം ഇല്ലായിരുന്നു. വിവാഹത്തിന് മുൻപ് അന്വേഷിച്ചപ്പോൾ പ്രബിനെക്കുറിച്ച് മോശമായി ഒന്നും കേട്ടില്ല. ഇപ്പോഴാണ് നാട്ടിൽ ഒരു മുഖവും ഉള്ളിൽ മറ്റൊരു മുഖവും ആണെന്നു മനസ്സിലാക്കുന്നത്’’– ശ്രീകാന്ത് പറഞ്ഞു.

You might also like

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

Top Picks for You
Top Picks for You