newsroom@amcainnews.com

ആകെവോട്ടർമാർ 9.5 കോടി, വോട്ടുചെയ്തത് 9.7 കോടി! മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ വീണ്ടും ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ വീണ്ടും ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം ആകെ വോട്ടർമാരുടെ എണ്ണത്തെക്കാൾ കൂടുതലാണെന്നാണ് രാഹുൽഗാന്ധിയുടെ ആരോപണം. ഡൽഹിയിൽ ശിവസേന എം.പി. സഞ്ജയ് റാവുത്ത്, എൻ.സി.പി. എം.പി. സുപ്രിയ സുലേ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം ഉന്നയിച്ചത്.

”സർക്കാർ കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ വോട്ടവകാശമുള്ളവരുടെ എണ്ണം 9.54 കോടിയാണ്. എന്നാൽ, നിയമസഭ തിരഞ്ഞെടുപ്പിൽ 9.7 കോടി പേർ വോട്ട് രേഖപ്പെടുത്തി. ഇത് എങ്ങനെ സാധ്യമാകും”, രാഹുൽഗാന്ധി ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ തങ്ങൾ എന്തെങ്കിലും ആരോപണം ഉന്നയിക്കുന്നില്ലെന്നും എന്നാൽ അന്തിമ വോട്ടർപട്ടികയാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.

2019-ലെ നിയമസഭ തിരഞ്ഞെടുപ്പിനും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഇടയിൽ 32 ലക്ഷം വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ പുതുതായി ചേർത്തത്. എന്നാൽ, 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനും അതേവർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിനും ഇടയിൽ 39 ലക്ഷം പേരെ വോട്ടർപട്ടികയിൽ ചേർത്തു. വെറും അഞ്ചുമാസത്തിനിടെയാണ് ഇത്രയുംപേരെ ചേർത്തത്. പ്രതിപക്ഷനേതാവെന്നനിലയിൽ ഇക്കാര്യം താൻ ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. അതേസമയം, രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് രേഖാമൂലം വിശദീകരണം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്. ഇക്കാര്യത്തിൽ കോൺഗ്രസ് പ്രതിനിധിസംഘം തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നേരിട്ടെത്തി പരാതി ഉന്നയിക്കുകയുംചെയ്തിരുന്നു. വോട്ടർപട്ടികയിൽ പുതുതായി ചേർത്ത 39 ലക്ഷം പേരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നും കോൺഗ്രസ് സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കഴിഞ്ഞ ഡിസംബർ അവസാനം ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ നിയമസഭ തിരഞ്ഞെടുപ്പ് വരെയുള്ള കാലയളവിൽ ആകെ 40,81,229 വോട്ടർമാരെയാണ് ചേർത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതിപ്രകാരം ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നീ തീയതികളിൽ 18 വയസ്സ് പൂർത്തിയാകുന്നവരെയും വോട്ടർപട്ടികയിൽ ചേർക്കാം. അതിനാൽ പുതിയ വോട്ടർപട്ടികയിൽ 18-നും 19-നും ഇടയിൽ പ്രായമുള്ള 8,72,094 പേരും 20-നും 29-നും ഇടയിൽ പ്രായമുള്ള 17,74,514 പേരും ഉണ്ട്. ഇക്കാലയളവിൽ ചേർത്ത വോട്ടർമാരിൽ 26,46,608 പേർ 18-നും 29-നും ഇടയിൽ പ്രായമുള്ളവരാണ്. അതിനാൽ മഹാരാഷ്ട്ര പോലെയുള്ള വലിയ സംസ്ഥാനത്ത് ഈ കണക്കുകളിൽ അസ്വാഭാവിതകയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു.

You might also like

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

Top Picks for You
Top Picks for You