വടക്കൻ സസ്കാച്ചെവാനിലും നോർത്ത് വെസ്റ്റ് ടെറിട്ടറിയിലും പടർന്നുപിടിച്ച കാട്ടുതീയിൽ നിന്നുള്ള പുക കാൽഗറിയിൽ വായുമലിനീകരണം രൂക്ഷമാക്കിയതായി റിപ്പോർട്ട്. ഇതോടെ വടക്കേ അമേരിക്കയിൽ ഏറ്റവും മോശം വായുനിലവാരമുള്ള നഗരങ്ങളിലൊന്നായി കാൽഗറി മാറി. സൗത്ത് വെസ്റ്റ് കാൽഗറിയിലെ എവർസ്റ്റോൺ മേഖലയിൽ വായുനിലവാര സൂചിക 206 രേഖപ്പെടുത്തിയപ്പോൾ, നഗരത്തിൻ്റെ മറ്റ് പ്രധാന ഭാഗങ്ങളിൽ സൂചിക 190-ന് മുകളിലാണ്
കുട്ടികൾ, വയോധികർ, ഗർഭിണികൾ, ഹൃദ്രോഗ-ശ്വാസകോശ രോഗികൾ എന്നിവർ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൂടാതെ, തുറസ്സായ സ്ഥലങ്ങളിലെ വ്യായാമങ്ങൾ പൂർണ്ണമായും ഒഴിവാക്കാനും, പുറത്തിറങ്ങേണ്ടുന്ന അടിയന്തര സാഹചര്യങ്ങളിൽ മാസ്കുകൾ നിർബന്ധമായും ധരിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുക മൂലം കാഴ്ചപരിധി ഗണ്യമായി കുറയാനും, ഓരോ മണിക്കൂറിലും അന്തരീക്ഷ സ്ഥിതിയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







