സൻഗർ ഡ്രോണുകൾതുർക്കി ആസ്ഥാനമായുള്ള പ്രതിരോധ കമ്പനി അസിസ്ഗാർഡാണ് സൻഗർ ഡ്രോണുകളുടെ നിർമാതാക്കൾ. 2019 ഏപ്രിലിൽ ആദ്യമായി നിർമിക്കുകയും 2020 ഫെബ്രുവരിയിൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കുകയും ചെയ്തു. പിന്നാലെ തുർക്കി സായുധ സേനയ്ക്ക് (ടിഎഎഫ്) കൈമാറി. തുർക്കിയിലെ ആദ്യത്തെ തദ്ദേശീയ സായുധ ഡ്രോണുകളാണിവ. ഡ്രോണിന് 140 സെന്റീമീറ്റർ വീതിയുണ്ട്. 45 കിലോഗ്രാം ഭാരമാണു വഹിക്കാൻ കഴിയുന്നത്. ലോഡില്ലാതെ 35 മിനിറ്റ് പ്രവർത്തിക്കാനും കഴിയും. പോർട്ടബിൾ അൺമാൻഡ് ഏരിയൽ സിസ്റ്റം (യുഎഎസ്) തത്സമയ വിഡിയോ പ്രക്ഷേപണം ചെയ്യുന്നു.
രാത്രിയും പകലമുള്ള സൈനിക പ്രവർത്തനങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും. കടൽനിരപ്പിൽനിന്ന് 3000 മീറ്റർ വരെയും ഭൂനിരപ്പിൽനിന്ന് 300 മീറ്റർ വരെയും ഇതിന് ഉയരാൻ സാധിക്കും. കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി പൈലറ്റ് ക്യാമറയും തോക്കിൽ ഘടിപ്പിച്ച ക്യാമറയുമുണ്ട്. ഡ്രോണും റിമോട്ട് കൺട്രോളറും തമ്മിലുള്ള ബന്ധം നഷ്ടമായെങ്കിലും തിരികെ വരാനുള്ള ഫീച്ചറും ഡ്രോണിലുണ്ട്. ഓപ്പറേഷനിടെ ആശയവിനിമയത്തിന് ജിപിഎസ് അല്ലെങ്കിൽ ഗ്ലോനാസ് നാവിഗേഷൻ സിസ്റ്റമാണ് ഉപയോഗിക്കുന്നത്.
5 തരം സൻഗർ ഡ്രോണുകളുണ്ടെന്നാണ് അസിസ്ഗാർഡ് വെബ്സൈറ്റിൽ പറയുന്നത്. സൻഗർ 5.56x 45 എംഎം അസാൾട്ട് റൈഫിൾ, സൻഗർ 2×40 എംഎം ഗ്രെനേഡ് ലോഞ്ചർ, സൻഗർ 6×40 എംഎം ഡ്രം ടൈപ്പ് ഗ്രെനേഡ് ലോഞ്ചർ, സൻഗർ 3×81 എംഎം മോർട്ടർ ഗ്രിപ്പർ, സൻഗർ 8x ടിയർ സ്മോക്ക് ഗ്രെനേഡ് ലോഞ്ചർ എന്നിവയാണ് അവ. സൻഗർ അസാൾട്ട് റൈഫിളിൽ ഉപയോഗിക്കുന്നത് 5.56×45 എംഎം വെടിയുണ്ടകളാണ്. ഗ്രനേഡ് ലോഞ്ചർ തരം സൻഗറിന് 400-450 മീറ്റർ പരിധിക്കുള്ളിൽ 2 ഗ്രനേഡുകൾ വരെ വെടിവയ്ക്കാൻ കഴിയും. ആറ് ഗ്രനേഡുകൾ വരെ വിക്ഷേപിക്കാൻ കഴിയുന്ന ഡ്രം ടൈപ്പ് ഗ്രനേഡ് ലോഞ്ചറും ഉണ്ട്. ടിയർ അല്ലെങ്കിൽ സ്മോക്ക് ഗ്രനേഡ് ലോഞ്ചറിന് 8 ഗ്രനേഡുകൾ വരെ വെടിവയ്ക്കാൻ കഴിയും. സൈനികർക്കൊപ്പമോ മറ്റു ഡ്രോണുകൾക്കൊപ്പമോ സംയുക്തമായി ആക്രമണം നടത്താൻ രൂപകൽപന ചെയ്തതാണ് സൻഗർ ഡ്രോണുകൾ.