യുഎസ് സന്ദർശക, ബിസിനസ് വീസകൾക്ക് ബോണ്ട് നിർബന്ധമാക്കിയേക്കുമെന്ന് സൂചന. 15,000 ഡോളർ വരെ (ഏകദേശം 11 ലക്ഷം രൂപ) ബോണ്ട് ഈടാക്കുന്ന പൈലറ്റ് പ്രോഗ്രാമിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രൂപം നൽകുന്നതായാണ് റിപ്പോർട്ട്. വീസ കാലാവധി കഴിഞ്ഞിട്ടും യുഎസ്സിൽ തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരിക്കും ഈ പുതിയ നിയമം പ്രധാനമായും ബാധകമാകുക. വീസ വ്യവസ്ഥകൾ ലംഘിക്കുന്ന സന്ദർശകർ കാരണം സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വീസ നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം. 5000, 10,000 അല്ലെങ്കിൽ 15,000 ഡോളർ എന്നിങ്ങനെയായിരിക്കും ബോണ്ട് തുക. 12 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബോണ്ട് ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ അന്തിമ പട്ടിക പിന്നീട് പുറത്തുവിടും.