അമേരിക്കയുടെ താരിഫ് കാരണം കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കും. കാനഡയിൽ നിന്നുള്ള ഇറക്കുമതിയുടെ തീരുവ 25% ൽ നിന്ന് 35% ആയി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വർദ്ധിപ്പിച്ചതോടെ യുഎസും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായിരിക്കുകയാണ്. വടക്കേ അമേരിക്കൻ വ്യാപാര ഉടമ്പടി പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നതിനാൽ, യുഎസ് വിപണിയിൽ എത്തുമ്പോൾ, മിക്ക ഉൽപ്പന്നങ്ങളുടെയും വിലയിൽ വലിയ വർദ്ധനയുണ്ടാവില്ല. എന്നാൽ ചില പ്രധാന ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ വർദ്ധനയ്ക്കും സാധ്യതയുണ്ട്.
ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, പുതിയതും പഴയതുമായ കാറുകൾ, പീനട് ബട്ടറും വൈനും അടക്കമുള്ള പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഭവന നിർമ്മാണ സാമഗ്രികൾ എന്നിവയുടെ വിലയിലാണ് വലിയ വദ്ധനയുണ്ടാവുക. ഈ വർഷം ആദ്യം, ടൊമാറ്റോ കെച്ചപ്പ് മുതൽ വാഷിംഗ് മെഷീനുകൾ വരെയുള്ള കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ പകരച്ചുങ്കം ഏർപ്പെടുത്തിയിരുന്നു. ഇത് മൂലം ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ വിലയിൽ വർദ്ധനയുണ്ടാകും.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് പാത്രങ്ങൾ, വാഷിംഗ് മെഷീൻ എന്നിവയ്ക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂണിൽ 4.5% വില വർദ്ധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും വാഹന നിർമ്മാണ വ്യവസായം പരസ്പരം വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നതിനാൽ കാറുകളുടെ വിലയിൽ വലിയ വർദ്ധനയുണ്ടാകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാറുകളുടെ വില ഇതിനകം അഞ്ച് ശതമാനം ഉയർന്നിട്ടുണ്ട്. ചെരുപ്പുകളുടെയും വസ്ത്രങ്ങളുടെയും വിലയിൽ രണ്ട് ശതമാനത്തിൻ്റെ വർദ്ധനയാണ് ഇതിനകം ഉണ്ടായിട്ടുള്ളത്.