നയാഗ്ര റീജിയണിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ്. ഈ മേഖലയിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. വെസ്റ്റ്‌ചെസ്റ്റർ അവന്യൂവിനും സെന്റ് കാതറിൻസിലെ ഫോർത്ത് അവന്യുവിനും ഇടയിലുള്ള ഹൈവേ 406, നയാഗ്ര ഫാൾസിലെ മൗണ്ടെയ്ൻ റോഡിന് സമീപമുള്ള QEW , തോറോൾഡി ലെ പൈൻ സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 58 എന്നീ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതർ കല്ലെറിയുന്നതെന്ന് പോലീസ് പറഞ്ഞു.
കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകരുകയും മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഒപിപി ഹൈവേ സേഫ്റ്റി ഡിവിഷൻ ക്രൈം യൂണിറ്റിന്റെയും നയാഗ്ര റീജിയണൽ പോലീസിന്റെയും സഹായത്തോടെ നയാഗ്ര റീജിയണൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു. ഇതുവരെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മൗണ്ടെയ്ൻ റോഡിന് സമീപമുള്ള സംഭവത്തിനിടെ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് മൂന്നോളം പേർ കല്ലെറിയുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തതായി ഒപിപി സർജന്റ് കെറി ഷ്മിഡ്റ്റ് പറഞ്ഞു.