ഓട്ടവ: കാനഡയിൽ തൊഴിലില്ലായ്മ ഉയരുമ്പോൾ ഗ്രോസറി സ്റ്റോർ ജോലിക്കായി ഉദ്യോഗാർത്ഥികളുടെ തിരക്ക് കൂടുന്നു. ഓട്ടവയിലെ ബാർഹേവനിൽ സംഘടിപ്പിച്ച ഫുഡ് ബേസിക്സ് ജോബ് ഫെയറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തരം ജോലി പോലും നൂറുകണക്കിന് പേരെ ആകർഷിക്കുന്നുണ്ടന്നൊണ് തിരക്കുകൾ സൂചിപ്പിക്കുന്നത്.
വൈറ്റ്ഹോഴ്സിലെ യുകോൺ ട്രാൻസ്പോർട്ടേഷൻ മ്യൂസിയത്തിൻ്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കേസി മക്ലോക്ലിൻ പോലും ഈ ജോബ് ഫെയറിൽ പങ്കെടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. ജീവിത ചെലവുകൾ താങ്ങാവുന്നതിൽ അപ്പുറമാണെന്നും ഓട്ടവയിൽ ഇപ്പോൾ ജോലി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നും കേസി മക്ലോക്ലിൻ പറഞ്ഞു. അതുകൊണ്ടാണ് മുൻപ് ബോസായിരുന്ന ഞാൻ പച്ചക്കറികൾ അലമാരയിൽ വയ്ക്കാനുള്ള ജോലിയിലേക്കു പോലും തയ്യാറാകുന്നത് എന്ന് അവർ പറഞ്ഞു.
നൈജീരിയയിലും ഇംഗ്ലണ്ടിലും ബിസിനസ് അനലിസ്റ്റായി പ്രവർത്തിച്ച പരിചയമുള്ള മാസ്റ്റേഴ്സ് ബിരുദധാരികൾ വരെ ഈ ജോലിക്കായി എത്തിയിരുന്നു. കാനഡയിൽ ജോലി ലഭിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് കാനേഡിയൻ പ്രവൃത്തി പരിചയം ഇല്ലെങ്കിൽ എന്ന് അവർ പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി ഉയർന്നു. പാൻഡമിക് വർഷങ്ങൾ ഒഴികെ, 2016 മേയ് മുതൽ ഇത്ര ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിട്ടില്ല. യുവാക്കൾക്കാണ് ഏറ്റവും വലിയ ആഘാതം. വിദ്യാർത്ഥി തൊഴിലില്ലായ്മ 2009ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്.







