നോയിഡ: കടല വേവിക്കാൻ വച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാൻ മറന്ന് ഉറങ്ങിപ്പോയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ബസായ് ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉപേന്ദ്ര (22), ശിവസം (23) എന്നിവരാണ് മരിച്ചത്. ബസായിയിൽ കുൽച, ഛോലെ ബട്ടൂര തുടങ്ങിയ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു ഇരുവരും.
പിറ്റേന്ന് ഛോലെ ബട്ടൂര തയാറാക്കുന്നതിനുള്ള കടല വേവിക്കാൻ വച്ചശേഷം അടുപ്പണയ്ക്കാതെ ഇരുവരും ഉറങ്ങുകയായിരുന്നു. തുടർന്ന് കടല കരിഞ്ഞ പുക മുറിയാകെ പടർന്നു. വീടിന്റെ വാതിൽ അടച്ചിരുന്നതിനാൽ മുറിയിൽ ഓക്സിജൻ കുറയുകയും പുക നിറഞ്ഞ് വ്യാപിച്ച കാർബൺ മോണോക്സൈഡ് ശ്വസിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് നോയിഡ സെൻട്രൽ സോൺ അസിസ്റ്റന്റ് കമ്മിഷണർ രാജിവ് ഗുപ്ത പറഞ്ഞു. വീട്ടിൽനിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാർ വാതിൽ തകർത്ത് ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.