വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. എന്നാൽ യൂറോപ്പിലേക്ക് സന്ദർശനം നടത്തുന്നവർക്ക് പ്രവേശന ഫീസ് വർധിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന്റെ(ETIAS) ചെലവ് ഏകദേശം മൂന്നിരട്ടിയാക്കാൻ പദ്ധതിയിടുന്നതായി യൂറോപ്യൻ യൂണിയൻ ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 11 ഡോളറിൽ നിന്നും 32 ഡോളറായാണ് സന്ദർശക ഫീസ് ഉയർത്തുന്നത്.
കനേഡിയൻ പൗരന്മാർ ഉൾപ്പെടെ വിസ രഹിത യാത്രക്കാർക്ക് ഫീസ് വർധന ഈടാക്കുന്നുണ്ട്. അമേരിക്കയിലെ ESTA പോലുള്ള ട്രാവൽ പ്രീക്ലിയറൻസ് സംവിധാനങ്ങൾക്ക് സമാനമായാണ് യൂറോപ്പ് 2018 ൽ ETIAS അംഗീകരിച്ചത്. യുഎസ് വിസ വെയ്‌വർ പ്രോഗ്രാമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 40 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ESTA ബാധകമാണ്.
വർധിച്ചുവരുന്ന പണപ്പെരുപ്പവും പുതിയ സാങ്കേതിക വിദ്യകളുടെ അവതരണവുമുൾപ്പെടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശക ഫീസ് ഉയർത്തുന്നതെന്ന് യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് ബ്രാഞ്ചായ യൂറോപ്യൻ കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഫീസ് ഇതുവരെ ഈടാക്കിയിട്ടില്ലെങ്കിലും നിർദ്ദിഷ്ട വർധനവിനെക്കുറിച്ച് യൂറോപ്പിലെ ട്രാവൽ ആൻഡ് ടൂറിസം സെക്ടർ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്.