ബെംഗളൂരു: നായയുടെ കടിയേറ്റ കുട്ടിയുമായി ആശുപത്രിയിലേക്കു പോയ ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു വയസുകാരിക്കു ദാരുണാന്ത്യം. കർണാടക മണ്ഡ്യയിൽ ഇന്നലെ വൈകുന്നേരമാണു സംഭവം. റിതീക്ഷയെന്ന മൂന്നു വയസുകാരിയാണു മരിച്ചത്. കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ പിതാവ് ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ് ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞത്. നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്കു വീഴുകയും പിന്നാലെ വന്ന ടെംപോ കയറിയിറങ്ങുകയുമായിരുന്നു. തലയ്ക്കേറ്റ മാരകമായ പരുക്കാണ് മരണകാരണം.
നായ കടിച്ചതുകൊണ്ട് കുട്ടിയെ വേഗം ആശുപത്രിയിൽ എത്തിക്കണമെന്ന് പൊലീസിനോടു പറഞ്ഞതാണെന്ന് കുട്ടിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. ‘‘ആദ്യത്തെ സംഘം പൊലീസുകാർ ഇതുകേട്ടു ഞങ്ങളെ വിട്ടു. എന്നാൽ എതിർവശത്തുനിന്നു വന്ന രണ്ടാം സംഘം തടയുകയായിരുന്നു. അവരോടു താഴ്മയായി പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. അതിലൊരു ഉദ്യോഗസ്ഥൻ കൈപിടിച്ചു വലിച്ചു. ഇതേ തുടർന്നാണ് വാഹനത്തിനു നിയന്ത്രണം നഷ്ടമായത്. ബൈക്ക് വശത്തേക്കു വീണു. പൊലീസ് പറഞ്ഞിട്ടാണ് ടെംപോ പിന്നോട്ട് എടുത്തത്. അതു കുട്ടിയുടെ തലയിലൂടെ കയറുകയായിരുന്നു’’ – ബന്ധു പറഞ്ഞു.
മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് മൂന്നു പൊലീസുകാരെ മണ്ഡ്യ എസ്‌പി സസ്പെൻഡ് ചെയ്തു. മണ്ഡ്യയിലെ മിംസ് ആശുപത്രിക്കു പുറത്തായിരുന്നു പ്രതിഷേധം. പഴയ ബെംഗളൂരു – മൈസുരു ദേശീയപാത ഇവർ തടഞ്ഞു. എഎസ്ഐമാരായ ജയറാം, നാഗരാജ്, ഗുരുദേവ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. വകുപ്പുതല അന്വേഷണം ആരംഭിച്ചതായി എസ്പി ബി. മല്ലികാർജുൻ അറിയിച്ചു.