കാൽഗറി: കാൽഗറിയിൽ വാഹനമിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം 6:55ടെ ടാരഡേൽ ഡ്രൈവ് NE-യിലെ 600 ബ്ലോക്കിലെ ഇടവഴിയിൽ ആയിരുന്നു സംഭവം. ഒരു കളിപ്പാട്ടത്തിന് പിന്നാലെ ഓടുന്നതിനിടെയാണ് ഒരു വയസ്സുള്ള പെൺകുട്ടി ട്രക്കിന് മുന്നിൽപ്പെട്ടത്. കുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ആൽബെർട്ട ചിൽഡ്രൻസ് ആശുപത്രിയിലേക്ക് ആംബുലൻസിന് വഴിയൊരുക്കുന്നതിനായി പോലീസ് ട്രാഫിക് നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തി എങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയെ ഇടിച്ച വാഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ മദ്യപിച്ചിട്ടില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കാൽഗറി പോലീസ് ഡ്രൈവറിനെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. എന്നാൽ താമസ സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന നിർദ്ദേശം പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.