രാജ്യത്തുടനീളമുള്ള കനേഡിയൻ പൗരന്മാർ ജീവിതച്ചെലവ് വഹിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. അത്യാവശ്യ വസ്തുക്കൾക്കും ഗ്രോസറികൾക്കും ഉൾപ്പെടെ എല്ലാറ്റിനും വിലയേറുകയാണ്. കാനഡയിൽ ചില പ്രവിശ്യകൾ താമസിക്കാൻ ഏറ്റവും ചെലവേറിയതാണ്. ‘പർച്ചേസിംഗ് പവർ പാരിറ്റീസ് ഫോർ കൺസപ്ഷൻ ആൻഡ് ഹൗസ്‌ഹോൾഡ് ഇൻകം അക്രോസ് ദ കനേഡിയൻ പ്രൊവിൻസസ് ആൻഡ് ടെറിറ്ററീസ്’ എന്ന തലക്കെട്ടിൽ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കിയ പുതിയ പഠനം കാനഡയിലെ ആദ്യത്തേതാണ്. ഇതിൽ പ്രവിശ്യകളും പ്രദേശങ്ങളും തമ്മിലുള്ള പർച്ചേസിംഗ് പവറിന്റെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പടുത്തലുകൾ നടത്തുന്നു.
ഒരു പ്രവിശ്യയിലോ പ്രദേശത്തോ 75,000 ഡോളർ സമ്പാദിക്കുന്നതിലൂടെ ലഭിക്കുന്ന ജീവിത നിലവാരം മറ്റൊരു പ്രവിശ്യയിലോ പ്രദേശത്തോ വ്യത്യാസപ്പെട്ടിരിക്കാം. അവിടങ്ങളിലെ ജീവിത നിലവാരം ആ തുക സമ്പാദിക്കുന്നതിന് തുല്യമാകില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. ഓരോ സ്ഥലത്തും ജീവിതച്ചെലവ് വ്യത്യാസപ്പെട്ടിരിക്കാമെന്നും പഠനത്തിൽ വിശദീകരിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, 2021 മുതൽ ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട എന്നീ പ്രവിശ്യകളിലാണ് ഏറ്റവും ഉയർന്ന ജീവിതച്ചെലവ് അനുഭവപ്പെടുന്നത്. ഭവന വില, വാടക നിരക്ക്, അത്യാവശ്യ സാധനങ്ങളുടെ വില തുടങ്ങി ദൈനംദിന ജീവിതത്തിലെ ഓരോ മേഖലയിലും ഈ പ്രവിശ്യകളിൽ നിരക്ക് വളരെ ഉയർന്നതാണ്. അതേസമയം, കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും, ന്യൂബ്രൺസ്‌വിക്കുമാണ്. പ്രദേശങ്ങളുടെ കാര്യത്തിൽ, നുനാവുട്ടാണ് ഏറ്റവും ചെലവേറിയ പ്രദേശം. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളും താമസിക്കാൻ വളരെ ചെലവേറിയതാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.