ഓട്ടവ: 2025-ലോ 2026-ലോ മോർട്ട്ഗേജുകൾ പുതുക്കുന്ന മിക്ക കനേഡിയക്കാരുടെയും പ്രതിമാസ പേയ്‌മെൻ്റുകളിൽ വർദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് കാനഡ. വായ്പയെടുത്തവരിൽ ഭൂരിഭാഗവും അഞ്ച് വർഷത്തെ സ്ഥിര നിരക്കിലുള്ള മോർട്ട്ഗേജാണ് എടുത്തിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു. അവരുടെ പ്രതിമാസ തിരിച്ചടവുകൾ 15-20 ശതമാനം വർദ്ധിക്കുമെന്ന് ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, വായ്പ പുതുക്കുന്ന സമയത്തെ ആശ്രയിച്ച് വർദ്ധനവിൽ വ്യത്യാസത്തിന് സാധ്യതയുണ്ട്.
2024 ഡിസംബറിലെ പേയ്‌മെൻ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2025 ൽ പുതുക്കുന്നവർക്ക് ശരാശരി പ്രതിമാസ മോർട്ട്ഗേജ് പേയ്‌മെൻ്റ് 10 ശതമാനം കൂടുതലും 2026 ൽ പുതുക്കുന്നവർക്ക് ആറ് ശതമാനം കൂടുതലും ആകാമെന്നാണ് റിപ്പോർട്ട് . എന്നാൽ വേരിയബിൾ റേറ്റ് മോർട്ട്ഗേജുകൾ പുതുക്കാൻ പദ്ധതിയിടുന്നവരുടെ നിരക്കുകൾ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. അവർക്ക്, പ്രതിമാസ പേയ്‌മെൻ്റുകളിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ കുറവുണ്ടാകാം. ഫിക്സഡ്-റേറ്റിൽ നിന്ന് വേരിയബിൾ-റേറ്റ് മോർട്ട്ഗേജിലേക്ക് മാറുന്നതിൽ വെല്ലുവിളികളുമുണ്ട്.
2024 ജൂൺ മുതൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 225 ബേസിസ് പോയിൻ്റുകൾ കുറച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് വേരിയബിൾ റേറ്റ് മോർട്ഗേജുകളുടെ നിരക്കുകൾ കുറഞ്ഞത്. എന്നാൽ ബാങ്ക് ഓഫ് കാനഡ നിരക്കുകൾ ഇനിയും കുറയ്ക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.