ഏപ്രിൽ 28 -ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ക്യുബെക്കിലെ ടെർബോൺ റൈഡിങ്ങിൽ തപാൽ വോട്ടുകൾ എണ്ണിയതിൽ തെറ്റ് സംഭവിച്ചതായി ഇലക്ഷൻസ് കാനഡ. വോട്ട് രേഖപ്പെടുത്തിയ കവറിൻ്റെ ലേബലിലാണ് പിഴവുണ്ടായതെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും ഏജൻസി അറിയിച്ചു. എന്നാൽ, റൈഡിങ്ങിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇനി ഒരു മാറ്റം ഉണ്ടാകില്ലെന്നും ഫെഡറൽ ഏജൻസി
റിപ്പോർട്ട് ചെയ്തു.
ഒരു വോട്ടിൻ്റെ മാത്രം വ്യത്യാസത്തിലാണ് റൈഡിങ്ങിൽ ലിബറൽ സ്ഥാനാർത്ഥി ടാറ്റിയാന ഓഗസ്റ്റെ വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പിഴവ് മൂലം തൻ്റെ വോട്ട് എണ്ണിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു ബ്ലോക്ക് കെബെക്ക്വ വോട്ടർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ്, റൈഡിങ്ങിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെയും സംഘവും പുനഃപരിശോധന ആവശ്യപ്പെട്ടത്. എന്നാൽ, അത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പിഴവാണെന്ന് സമ്മതിച്ചെങ്കിലും വീണ്ടും നിയമപരമായി വോട്ടെണ്ണൽ നടത്താൻ സാധ്യമല്ലെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. ഭാവിയിൽ ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ പ്രത്യേക തപാൽ വോട്ടിങ് സംവിധാനം വിപുലമായി പുനഃപരിശോധിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സ്റ്റെഫാൻ പെറോൾട്ട് വ്യക്തമാക്കി. ബ്രിട്ടിഷ് കൊളംബിയയിലെ കോക്വിറ്റ്ലാം-പോർട്ട് കോക്വിറ്റ്ലാം റൈഡിങ്ങിലും സമാനമായ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തപാൽ വോട്ടുകളുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ, അതിനനുസൃതമായി അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. കാലക്രമേണ മാറുന്ന കനേഡിയൻ ജനതയുടെ ആവശ്യങ്ങൾക്കനുസരിച്ച് സംവിധാനം പരിഷ്കരിക്കുന്നത് തങ്ങളുടെ ശക്തിയാണെന്നും, എന്തൊക്കെ മെച്ചപ്പെടുത്തണം എന്ന് കണ്ടെത്താൻ ഈ പുനഃപരിശോധന സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഫലത്തിൽ 35 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്ന ലിബറൽ സ്ഥാനാർത്ഥി, വീണ്ടും എണ്ണിയപ്പോൾ ഒരു വോട്ടിന്‍റെ വ്യത്യാസത്തിൽ വിജയിക്കുകയായിരുന്നു. ഈ ഫലം അംഗീകരിക്കാനാവില്ലെന്നാണ് ബ്ലോക്ക് കെബെക്ക്വ പറയുന്നത്. ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം നേടാൻ രണ്ട് സീറ്റുകൾ കൂടി വേണമെന്നിരിക്കെ, ഈ ഒരു സീറ്റ് നിർണ്ണായകമാണ്.