വാഷിങ്ടൻ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനെപ്പറ്റി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും സംസാരിച്ചെന്നു ട്രംപ് പറഞ്ഞു. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്നു ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
‘‘ഞങ്ങളുടെ സംഘങ്ങൾ ഉടൻ ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വിളിച്ച് സംഭാഷണത്തെപ്പറ്റി അറിയിക്കും. ചില കാര്യങ്ങൾ ഞാൻ ഇപ്പോൾത്തന്നെ ചെയ്യും’’– തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു. റഷ്യയ്ക്കെതിരെ അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണു പുതിയ സംഭവവികാസങ്ങൾ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അർഥവത്തായ ചർച്ചയാണ് നടന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. ‘സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സാഹചര്യങ്ങളെ കുറിച്ചു സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിൽ രൂപരേഖ തയാറാക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു.’ – സെലെൻസ്കി എക്സിൽ കുറിച്ചു.
യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസം ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഉടനടി കരാറിൽ ഏർപ്പെടണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും എന്നായിരുന്നു ഭീഷണി. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. താൻ വീണ്ടും അധികാരത്തിൽ എത്തിയാൽ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്നു ട്രംപ് പറഞ്ഞിരുന്നു.







