ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. കൂട്ടപ്പിരിച്ചുവിടലിനുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നതു തടഞ്ഞ സാന്‍ഫ്രാന്‍സിസ്‌കോയിലെ ജഡ്ജിയുടെ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇത് പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനും ഫെഡറല്‍ ഭരണ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനും വഴിയൊരുക്കും.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി സൂസന്‍ ഇല്‍സ്റ്റണ്‍ മെയ് മാസത്തില്‍ ട്രംപിന്റെ കൂട്ടപ്പിരിച്ചുവിടല്‍ പദ്ധതികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസുമായി ആലോചിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഇത്രയധികം വെട്ടിച്ചുരുക്കാന്‍ ട്രംപിന് അധികാരമില്ലെന്ന് ഇല്‍സ്റ്റണ്‍ അന്ന് വിധിച്ചിരുന്നു. എന്നാല്‍, ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ നിയമപരമായി അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും, അദ്ദേഹത്തിന്റെ ഭരണകൂടത്തിന് ഈ വാദത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
വിധിക്കെതിരെ തൊഴിലാളി യൂണിയനുകളും, ലാഭരഹിത സംഘടനകളും, പ്രാദേശിക സര്‍ക്കാരുകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിധി ജനാധിപത്യത്തിന് ഗുരുതരമായ പ്രഹരമാണെന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ ഇത് അപകടത്തിലാക്കുമെന്നും അവര്‍ ആരോപിച്ചു. നിയമപോരാട്ടം തുടരുമെന്നും അവര്‍വ്യക്തമാക്കി.