തിരുവനന്തപുരം: കോഴിക്കോട് ഷഹബാസ് വധക്കേസിലെ പ്രതികളായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇതോടെ പ്രതികളായ കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്നു കോടതി പറഞ്ഞിരുന്നു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു.
കോഴിക്കോട് താമരശ്ശേരിയിലെ എളേറ്റിൽ എംജെഎച്ച്എസിലെ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 6 വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം താത്കാലികമായി തടഞ്ഞു വച്ചിരുന്നത്. ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചത് നേരത്തേ വിവാദമായിരുന്നു. തുടർന്ന് പരീക്ഷ എഴുതിച്ചെങ്കിലും ഫലം സർക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷനും നിർദേശിച്ചിരുന്നു. രാജ്യത്തെ ക്രിമിനൽ നിയമ സംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവർത്തനമാണെന്നും ഒരു കുട്ടി കുറ്റകൃത്യം ചെയ്‌തെന്ന പേരിൽ പരീക്ഷ എഴുതുന്നതിൽനിന്നു വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ഫെബ്രുവരി 28നാണ് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനമേറ്റ് ഷഹബാസ് മരിച്ചത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണു മരിച്ചത്. പ്രതികളായ വിദ്യാർഥികളെ ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിച്ചത്.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാമെന്നും ജീവനു ഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ജാമ്യഹർജികൾ തള്ളിയത്.