അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറുവയസ്സുകാരിക്ക് നേരെ ആക്രമണം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് ആറുവയസുക്കാരിയോട് മോശമായി പെരുമാറിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി അയര്‍ലന്‍ഡില്‍ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ അനുപ അച്യുതന്റെ മകള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് നാലിന് വൈകുന്നേരം മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ അമ്മ അവരുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പാല്‍ കൊടുക്കാനായി മാറിയ സമയത്താണ് ഈ അതിക്രമം. സൈക്കിളില്‍ എത്തിയ ആണ്‍കുട്ടികള്‍ കുട്ടിയെ വംശീയമായി അധിക്ഷേപിച്ചു. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും രാജ്യത്തേക്ക് തിരികെ പോകണമെന്നും ആക്രോശിച്ച അവര്‍ സൈക്കിള്‍ക്കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ ഇടിക്കുകയും മുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് അമ്മ അനുപ പറയുന്നു. അവള്‍ക്ക് പുറത്ത് കളിക്കാന്‍ ഭയമാണ്. സ്വന്തം വീട്ടില്‍പ്പോലും സുരക്ഷിതരല്ലെന്ന തോന്നലാണ് തങ്ങള്‍ക്കിപ്പോള്‍. ഈ സംഭവം ആലോചിച്ച് ദുഃഖമുണ്ടെന്നും, ആ സമയത്ത് മകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്തതില്‍ വേദനിക്കുന്നുവെന്നും അനുപ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് അവര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ ഒരു ഇടപെടല്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നും അനുപ കൂട്ടിച്ചേര്‍ത്തു. ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ പിടിച്ചു നില്‍ക്കുന്നതതെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു.