നിയമനത്തിലെ പിഴവുകൾ കാരണം ആർസിഎംപിയിൽ ഉദ്യോഗസ്ഥ ക്ഷാമം വർധിച്ചുവരികയാണെന്ന് ഫെഡറൽ ഓഡിറ്റ് റിപ്പോർട്ട്. ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണം കണക്കാക്കുന്നതിൽ സേനയ്ക്ക് തെറ്റുപറ്റിയെന്നും, ഇത് നിലവിലുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടാനും മാനസിക സമ്മർദ്ദത്തിന് കാരണമായെന്നും ഓഡിറ്റർ ജനറൽ കാരെൻ ഹോഗൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഏകദേശം 3,400 ഉദ്യോഗസ്ഥരുടെ കുറവാണ് സേനയിലുള്ളത്.
അമിതമായ ബ്യൂറോക്രാറ്റിക് കാലതാമസം കാരണം അപേക്ഷകരുടെ നിയമനം വൈകുന്നത് പരിശീലന ക്ലാസുകളെപ്പോലും ബാധിച്ചിട്ടുണ്ട്. ആവശ്യത്തിന് ആളുകളില്ലാത്തതിനാൽ പല ട്രെയിനിങ് ബാച്ചുകളും റദ്ദാക്കേണ്ടി വന്നു. 2023-ൽ കൊണ്ടുവന്ന നയമാറ്റം അനുസരിച്ച് പുതിയ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ആദ്യ നിയമന സ്ഥലം തിരഞ്ഞെടുക്കാൻ അനുവാദം നൽകിയിരുന്നു. ഇത് അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയെങ്കിലും രാജ്യത്തുടനീളം ഉദ്യോഗസ്ഥ ക്ഷാമം കൂട്ടാൻ ഇത് കാരണമായി.
തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രം ആളുകൾ കൂടുകയും മറ്റ് ഒൻപത് പ്രവിശ്യകളിൽ ഒഴിവുകൾ 7 ശതമാനത്തിന് മുകളിലാവുകയും ചെയ്തതോടെ ഈ ‘ഫ്ലെക്സിബിൾ പോസ്റ്റിങ് ‘ നയം പിൻവലിക്കാൻ സേന നിർബന്ധിതരായി. നിലവിൽ കാനഡയിലുടനീളം സേനയുടെ പ്രവർത്തനം സുഗമമാക്കാൻ അടിയന്തരമായ നിയമന നടപടികൾ ആവശ്യമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.







