ജയിൽ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയ കേസിൽ ടൊറൻ്റോ പോലീസ് സേനയിലെ ഏഴ് ഉദ്യോഗസ്ഥരും ഒരു മുൻ ഉദ്യോഗസ്ഥനും അറസ്റ്റിലായി. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ജോൺ മാഡ്‌ലി സീനിയർ, നിലവിൽ സർവീസിലുള്ള അദ്ദേഹത്തിന്റെ മകൻ ജോൺ മാഡ്‌ലി ജൂനിയർ, കോൺസ്റ്റബിൾ ഡെറക് മക്കോർമിക്, തിമോത്തി ബേൺഹാർട്ട്, റോബർട്ട് ബ്ലാക്ക്, കാൾ ഗ്രെല്ലെറ്റ്, സൗരബ്ജിത് ബേഡി, ഏലിയാസ് മൗവാദ് എന്നിവരാണ് പിടിയിലായ ഉദ്യോഗസ്ഥർ.
ഒൻ്റാരിയോയിലെ ജയിൽ ഓഫീസറെ ലക്ഷ്യമിട്ട് നടന്ന ഈ ഗൂഢാലോചന ‘പ്രോജക്റ്റ് സൗത്ത്’ എന്ന പേരിലുള്ള ഏഴ് മാസത്തെ രഹസ്യ അന്വേഷണത്തിലൂടെയാണ് പുറത്തുവന്നത്. 2025 ജൂണിൽ ഉദ്യോഗസ്ഥന്റെ വീടിന് നേരെ നടന്ന ആക്രമണത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തോക്കുധാരികളായ അക്രമികൾ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി പോലീസ് വാഹനത്തിൽ ഇടിക്കുന്ന ദൃശ്യങ്ങൾ യോർക്ക് റീജിയണൽ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പിടിയിലായ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് ഔദ്യോഗിക ഡാറ്റാബേസുകളിൽ നിന്ന് അതീവ രഹസ്യമായ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും അവ ക്രിമിനൽ സംഘങ്ങൾക്ക് കൈമാറുകയും ചെയ്തു. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് ക്രിമിനലുകൾ വെടിവെയ്പ്പും മറ്റ് അക്രമങ്ങളും ആസൂത്രണം ചെയ്തത്. അറസ്റ്റിലായ ഉദ്യോഗസ്ഥർക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും നിയമവിരുദ്ധമായ കഞ്ചാവ് വ്യാപാരത്തിന് സംരക്ഷണം നൽകാൻ ഇവർ കൈക്കൂലി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. ബ്രയാൻ ഡാ കോസ്റ്റ എന്ന ക്രിമിനൽ തലവനാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്.







