ആൽബർട്ടയിലെ ആരോഗ്യ ഇൻഷുറൻസ് മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം വിദേശ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. വർക്കിങ് ഹോളിഡേ വീസ ഉൾപ്പെടെയുള്ള ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC – Type 58) വീസയിൽ എത്തിയവർക്ക് ഇനി മുതൽ ആൽബർട്ടയിലെ പൊതുജനാരോഗ്യ സേവനങ്ങൾക്ക് അർഹതയുണ്ടാവില്ല. ജനുവരി 7 മുതൽ നിലവിൽ വന്ന ഈ മാറ്റം ഔദ്യോഗികമായി മുൻകൂട്ടി അറിയിക്കാതിരുന്നത് നൂറുകണക്കിന് തൊഴിലാളികളെയാണ് വലയ്ക്കുന്നത്. ഫെഡറൽ നിയമപ്രകാരം ഇവർക്ക് സ്വകാര്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ സർക്കാർ പരിരക്ഷ നൽകുന്നത് നിർത്തലാക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ മാത്രം പരിരക്ഷ നൽകുന്ന സ്വകാര്യ ഇൻഷുറൻസ്, സാധാരണ ചികിത്സകൾക്കോ രോഗനിർണ്ണയത്തിനോ ഉപകരിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നികുതി അടച്ച് ജോലി ചെയ്യുന്ന തങ്ങളെ പൊതു സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നത് അനീതിയാണെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. ടൂറിസം മേഖലയെ ഏറെ ആശ്രയിക്കുന്ന ബാൻഫ് പോലുള്ള നഗരങ്ങളിൽ ഈ തീരുമാനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിലവിൽ ബ്രിട്ടിഷ് കൊളംബിയ, സസ്കാച്വാൻ തുടങ്ങിയ അയൽ പ്രവിശ്യകളിൽ ഇത്തരം വീസ ഉടമകൾക്ക് സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാണ്. ആൽബർട്ടയിലെ ഈ നയമാറ്റം വിദേശ തൊഴിലാളികൾ മറ്റ് പ്രവിശ്യകളിലേക്ക് ചേക്കേറുന്നതിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.







