വാഷിങ്ടൻ: മുതിർന്ന യുഎസ് മിലിട്ടറി ഓഫിസർ ജനറൽ ചാൾസ് ക്യൂ ബ്രൗണിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ആണ് ചാൾസ്. 4 വർഷത്തെ ചെയർമാൻ പദവിയിൽ 2 വർഷമേ പൂർത്തിയായിട്ടുള്ളു. വിരമിച്ച വ്യോമസേനാ ലഫ്റ്റനന്റ് ജനറൽ ഡാൻ “റാസിൻ” കെയ്നെ അടുത്ത ചെയർമാനായും ട്രംപ് നാമനിർദേശം ചെയ്തു. 1990-ൽ വിർജീനിയ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ കെയ്ൻ ത്രീ-സ്റ്റാർ പദവിയിലുള്ള ജനറലാണ്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് രാജ്യത്തിനായി 40 വർഷത്തിലേറെ നൽകിയ സേവനത്തിന് ജനറൽ ചാൾസ് ക്യൂ ബ്രൗണിനോട് ട്രംപ് നന്ദി പറഞ്ഞത്. മികച്ച നേതാവാണ് ചാൾസ് എന്നും കുറിപ്പിലുണ്ട്. ചെയർമാനായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ കറുത്തവർഗക്കാരനായ ബ്രൗണിന്റെ പുറത്താക്കൽ പെന്റഗണിനെ ഞെട്ടിച്ചിട്ടുണ്ട്. യുക്രെയ്നിലെ യുദ്ധവും മിഡിൽ ഈസ്റ്റിലെ വികസിത സംഘർഷവും അദ്ദേഹത്തിന്റെ 16 മാസത്തെ ജോലിയെ സാരമായി ബാധിച്ചിരുന്നു.