കാനഡയിൽ വിവിധ ബ്രാൻഡുകളിലുള്ള പിസ്ത ഉൽപ്പന്നങ്ങൾ കഴിച്ച 52 പേർക്ക് സാൽമൊണെല്ല അണുബാധ സ്ഥിരീകരിച്ചു. ഇതിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Habibi, Al Mokhtar Food Centre, Dubai എന്നീ ബ്രാൻഡുകളുടെ പിസ്ത ഉൽപ്പന്നങ്ങളാണ് രോഗത്തിന് കാരണമായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മാനിറ്റോബയിൽ ഒരാൾക്കും, ബ്രിട്ടിഷ് കൊളംബിയയിൽ രണ്ടു പേർക്കും, ഒൻ്റാരിയോയിൽ 9 പേർക്കും, കെബെക്കിൽ 39 പേർക്കുമാണ് രോഗം ബാധിച്ചത്. അണുബാധ സ്ഥിരീകരിച്ചവരിൽ 75% സ്ത്രീകളാണ്. 2 വയസ്സുമുതൽ 89 വയസ്സുവരെയുള്ളവരാണ് ചികിത്സയിലുള്ളത്. ബേക്കറി ഉൽപ്പന്നങ്ങളിലും ഈ പിസ്ത ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ, വിൽക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇവ ലഭിച്ചവർ തിരികെ നൽകുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.