സ്കൂൾ ബസിന് തീപിടിച്ച സംഭവത്തെത്തുടർന്ന്, മുൻകരുതലായി 1,200 ലയൺ ഇലക്ട്രിക് സ്കൂൾ ബസുകൾ സർവീസിൽ നിന്ന് പിൻവലിച്ച് ക്യൂബെക്ക് സർക്കാർ. കഴിഞ്ഞ ദിവസം മോൺട്രിയലിലെ കോട്ട്-ഡെസ്-നെയിജസ്-നോട്രെ-ഡാം-ഡി-ഗ്രേസ് ബറോയിലായിരുന്നു സംഭവം. ഡ്രൈവറും ആറ് കുട്ടികളും സുരക്ഷിതമായി രക്ഷപ്പെട്ടെങ്കിലും വാഹനം പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, ഇലക്ട്രിക് ബാറ്ററിയോ പ്രൊപ്പൽഷൻ സിസ്റ്റമോ അല്ല ഇതിന് കാരണമെന്ന് കമ്പനി സ്ഥിരീകരിച്ചു.
സംഭവം സ്കൂൾ ബസ് ഗതാഗതത്തെ സാരമായി ബാധിച്ചതിനെത്തുടർന്ന്, കുട്ടികളെ സ്കൂളിലെത്തിക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബസുകൾ ഘട്ടം ഘട്ടമായി സർവീസിലേക്ക് തിരികെ കൊണ്ടുവരാൻ ക്യൂബെക്ക് ഓട്ടോ ഇൻഷുറൻസ് ബോർഡ് (SAAQ) അനുമതി നൽകിയിട്ടുണ്ട്.







