കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ കനത്ത മിസൈലാക്രമണം. 2 പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരുക്കേറ്റു. ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. സ്ഫോടകവസ്തുക്കളുമായി 397 ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ‘ജനവാസമേഖലയിൽ ഉൾപ്പെടെയാണ് ആക്രമണം നടത്തിയത്. ജനങ്ങൾ ഇരുട്ടിൽ കുട്ടികളുമായി അഭയം തേടി സബ്‌വേ സ്റ്റേഷനുകളിലേക്ക് പായുകയായിരുന്നു. ദിവസവും രാത്രി നൂറുകണക്കിന് ഡ്രോണുകൾ, നിരന്തരമായ മിസൈൽ ആക്രമണം, യുക്രെയ്ൻ നഗരങ്ങൾക്കു മേൽ കനത്ത ആക്രമണം… റഷ്യൻ ഭീകരതയുടെ വ്യക്തമായ വ്യാപനമാണിത്.’ – സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ ദിവസം റഷ്യ 728 ഡ്രോണുകൾ അയച്ചിരുന്നു. ഡ്രോണുകൾ ഭൂരിഭാഗവും ലക്ഷ്യം കാണുംമുൻപുതന്നെ യുക്രെയ്ൻ സൈന്യം തകർത്തു. യുക്രെയ്ൻ റഷ്യയുടെ നേർക്കും ഡ്രോണാക്രമണം തുടർന്നു. മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ അയച്ച 3 ഡ്രോണുകൾ തകർത്തതായി മേയർ സെർഗെയ് സോബിയാനിൻ അറിയിച്ചു. ഇതിനിടെ, യുക്രെയ്ൻ ചാരസംഘടനയിലെ കേണൽ ഐവാൻ വൊറോണിച്ച് കീവിലെ വീടിനു സമീപം വെടിയേറ്റു മരിച്ചു. ഓടിമറഞ്ഞ അക്രമിക്കായി തിരച്ചിൽ നടക്കുന്നു.
ജൂണിൽ റഷ്യൻ ആക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടെന്നും 1343 പേർക്കു പരുക്കേറ്റെന്നും യുക്രെയ്‌നിലെ യുഎൻ മനുഷ്യാവകാശ ദൗത്യസംഘം അറിയിച്ചു. 2024 ജൂണിനെ അപേക്ഷിച്ച് പത്തിരട്ടി ഡ്രോണുകളും മിസൈലുകളുമാണ് ഇക്കഴിഞ്ഞ ജൂണിൽ റഷ്യ യുക്രെയ്‌നിൽ വർഷിച്ചത്. 2022 ഫെബ്രുവരി 24ന് റഷ്യൻ ആക്രമണം ആരംഭിച്ച ശേഷം 716 കുട്ടികൾ ഉൾപ്പെടെ 13,580 പേർ കൊല്ലപ്പെട്ടെന്നും 34,000 ലേറെ പേർക്ക് പരുക്കേറ്റെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം, മലേഷ്യയിൽ ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവും തമ്മിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്തു. ലാവ്റോവുമായി തുറന്നു സംസാരിച്ചെന്നു റൂബിയോ പറഞ്ഞു.