ആഢംബര കാറുകൾ വഞ്ചനപരമായി വിൽപ്പന നടത്തുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റിച്ച്മണ്ട് ആർസിഎംപി. ഇത്തരം തട്ടിപ്പ് മണി മ്യൂളിലേക്ക് നയിക്കുന്നുവെന്നും നിരപരാധികളായ ഇരകളെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്താൻ കാരണമാകുന്നുവെന്നും പോലീസ് പറഞ്ഞു. വിദേശത്ത് ഉയർന്ന ഡിമാൻഡുള്ള ആഡംബര വാഹനങ്ങൾ വാങ്ങുകയും കയറ്റുമതി ചെയ്യുകയും അതുവഴി പണം സമ്പാദിക്കുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. എന്നാൽ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം നിയമവിരുദ്ധമായി കൈമാറുകയാണ് ഇതുവഴി ഇവർ ചെയ്യുന്നതെന്ന് പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അന്വേഷകർ പറയുന്നതനുസരിച്ച്, ഒരു തേർഡ് പാർട്ടി വഴി വാഹനത്തിന് ധനസഹായം നൽകുകയും, അത് അവരുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും, പിന്നീട് മറ്റെവിടെങ്കിലും സൂക്ഷിക്കാൻ കൈമാറുകയും ചെയ്യുന്നു. എന്നാൽ താമസിയാതെ, വാഹനം മോഷ്ടിക്കപ്പെട്ടുവെന്ന് പറയുകയും ഇത് സംബന്ധിച്ച് ഐസിബിസിയിൽ റിപ്പോർട്ട് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇരകൾ പണമിടപാടിന്റെ ഒരു രൂപമെന്ന നിലയിൽ അറിയാതെ തന്നെ ഒരു ക്രിമിനൽ കുറ്റകൃത്യത്തിൽ ഉൾപ്പെടുകയാണെന്ന് റിച്ച്മണ്ട് ആർസിഎംപി പ്രോപ്പർട്ടി ക്രൈം യൂണിറ്റിലെ കോർപ്പറൽ റയാൻ ലീ പ്രസ്താവനയിൽ പറഞ്ഞു.
കുറ്റവാളികൾക്ക് വേണ്ടി നിയമവിരുദ്ധമായി സമ്പാദിച്ച പണം കൈമാറ്റം ചെയ്യുന്നയാളാണ് പണമിടപാടുകാരൻ. പണത്തിന് പകരം വാഹനങ്ങളാണ് ഇടപാടിനായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പറുകൾ ഇവർ മാറ്റുന്നു. മോഷണം മറച്ചുപിടിച്ച് ഇവ പ്രാദേശിക തലത്തിൽ വീണ്ടും വിൽക്കാനോ വിദേശത്തേക്ക് കയറ്റിഅയക്കുകയോ ആണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും വാഹനങ്ങൾ വിൽപ്പന നടത്തുമ്പോൾ ആധികാരികമായി പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം മുന്നോട്ടുപോകണമെന്നും പോലീസ് അറിയിച്ചു.







