ബസ് സ്റ്റോപ്പുകളിലും നടപ്പാതകളിലും മഞ്ഞ് നീക്കം ചെയ്യുന്നതിനായി 80 ലക്ഷം ഡോളര്‍ അധികമായി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത് എഡ്മിന്റന്‍ സിറ്റി കൗണ്‍സില്‍. ശൈത്യകാലത്ത് കാല്‍നടയാത്രക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിര്‍ദ്ദേശത്തിന് വരും മാസങ്ങളില്‍ അന്തിമ അംഗീകാരം ലഭിക്കും. പദ്ധതിക്കായി 35 ലക്ഷം ഡോളര്‍ മുതല്‍ 1.9 കോടി ഡോളര്‍ വരെ അധികമായി അനുവദിക്കുന്നതിനെക്കുറിച്ചുള്ള നാല് ഓപ്ഷനുകളാണ് കൗണ്‍സില്‍ പരിഗണിച്ചിരുന്നത്.
നടപ്പാതകളില്‍ വെള്ളം കെട്ടിക്കിടന്ന് മഞ്ഞുകട്ടകളായി മാറുന്നത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി ആല്‍ബര്‍ട്ട അവന്യൂവിലെ വ്യാപാരികള്‍ പറഞ്ഞു. വ്യാപാരികളെക്കൂടി ഉള്‍പ്പെടുത്തി മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നഗരത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നടപ്പാതകള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ഫണ്ട് ആവശ്യമുണ്ടെന്ന് മേയര്‍ അമര്‍ജീത് സോഹി അഭിപ്രായപ്പെട്ടു.







