കാനഡയിലുള്ള ഇറാൻ പൗരന്മാർക്ക് ആശ്വാസമേകി ഫെഡറൽ സർക്കാർ പുതിയ പ്രഖ്യാപനം നടത്തി. ഇറാനിലെ നിലവിലെ യുദ്ധസാഹചര്യവും അസ്ഥിരതയും കണക്കിലെടുത്ത് ഇറാനിയൻ തൊഴിലാളികൾക്ക് കാനഡയിൽ തുടരാനുള്ള പ്രത്യേക വർക്ക് പെർമിറ്റ് ആനുകൂല്യങ്ങൾ 2027 മാർച്ച് വരെ നീട്ടുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. മാർച്ച് 1 മുതൽ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വന്നതായും ഐആർസിസി പറയുന്നു.
മുൻപ് നിലവിലുണ്ടായിരുന്ന നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതൽ കർശനമായ നിബന്ധനകളാണ് ഇമിഗ്രേഷൻ വകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ കാനഡയിൽ വർക്ക് പെർമിറ്റിൽ കഴിയുന്ന ഇറാൻ പൗരന്മാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സന്ദർശക വിസയിലുള്ളവർക്കും വിദ്യാർത്ഥികൾക്കും ഇത്തവണ പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവർ സാധാരണ രീതിയിലുള്ള ഇമിഗ്രേഷൻ നടപടികളിലൂടെ മാത്രമേ വിസ നീട്ടാൻ ശ്രമിക്കേണ്ടതുള്ളൂ.
അർഹരായ അപേക്ഷകർക്ക് അവരുടെ പാസ്പോർട്ട് കാലാവധി അനുസരിച്ച് രണ്ട് വർഷം വരെ വർക്ക് പെർമിറ്റ് നീട്ടി ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ അപേക്ഷകർ ഇറാനിയൻ പാസ്പോർട്ട് ഉള്ളവരായിരിക്കണം. കൂടാതെ അവരുടെ ആദ്യത്തെ വർക്ക് പെർമിറ്റ് 2025 ഫെബ്രുവരി 28-ന് മുൻപ് ലഭിച്ചതായിരിക്കുകയും വേണം. മുൻപ് ഒരിക്കൽ പോലും ഈ പ്രത്യേക നിയമപ്രകാരം ആനുകൂല്യം കൈപ്പറ്റാത്തവർക്ക് മാത്രമാണ് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുക.
അപേക്ഷാ നടപടികളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മുൻപ് അപേക്ഷാ ഫീസ് ഒഴിവാക്കി നൽകിയിരുന്നെങ്കിലും പുതിയ നിയമപ്രകാരം അപേക്ഷകർ നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ട്. വർക്ക് പെർമിറ്റ് വിഭാഗം അനുസരിച്ച് 155 ഡോളർ മുതൽ 355 ഡോളർ വരെയാണ് ചിലവ് വരുന്നത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 31 ആണ്. നിലവിലെ വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നതിന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കാൻ ഐആർസിസി നിർദ്ദേശിക്കുന്നു.







