കൊച്ചി: ബലാത്സംഗ കേസിൽ പൊലീസ് തിരയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ, വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 18നു വീണ്ടും പരിഗണിക്കും. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പുതിയ പാട്ട് ഇറക്കുന്നതിനും മറ്റുമായി 31,000 രൂപ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട്ടും കൊച്ചിയിലും വച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്ന പരാതിയെ തുടർന്നാണ് കേസ് തൃക്കാക്കര പൊലീസിന്റെ പരിധിയിൽ വന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ അന്നു മുതൽ 2 സംഘങ്ങളാണ് വേടനെ അന്വേഷിക്കുന്നത്. വേടൻ സംസ്ഥാനം വിട്ടു എന്ന് പൊലീസ് ഏറക്കുറെ ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്കൗട്ട് നോട്ടിസ്.
ബലാത്സംഗ ആരോപണം നിഷേധിച്ച് മുൻകൂർ ജാമ്യത്തിനായി വേടൻ കോടതിയെ സമീപിച്ചിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകൾ തനിക്കെതിരെ പരാതി നൽകുമെന്നുമായിരുന്നു ഭീഷണിയെന്നും വേടൻ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. മാത്രമല്ല, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നത് നിലനിൽക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടൻ പറയുന്നു. തുടർന്ന് പൊലീസിന്റെ റിപ്പോർട്ട് തേടി കോടതി കേസ് 18ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
നേരത്തെ വേടന്റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തുകയും ഒരു ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊച്ചി ബോൾഗാട്ടിയിൽ ഇക്കഴിഞ്ഞ 9ന് വേടന്റെ പരിപാടി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് റദ്ദായി. പുലിനഖം കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചപ്പോൾ വേടന്റെ പാസ്പോർട്ട് കോടതിയൽ സമർപ്പിച്ചിരുന്നു. പിന്നീട് ഇത് ഉപാധികളോടെ തിരിച്ചുനൽകി. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്







