ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുന്നതിനിടെ കനേഡിയൻ മണ്ണിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ. ബ്രിട്ടിഷ് കൊളംബിയ സറേയിലാണ് ഖലിസ്ഥാൻ അനുകൂല സംഘടനകളായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ), ഗുരുനാനാക് സിഖ് ഗുരുദ്വാര എന്നിവയുടെ നേതൃത്വത്തിൽ ഖലിസ്ഥാൻ എംബസി സ്ഥാപിച്ചത്. ‘റിപ്പബ്ലിക് ഓഫ് ഖലിസ്ഥാൻ’ എന്ന ബോർഡുള്ള എംബസി, കമ്മ്യൂണിറ്റി സെന്‍ററായ ഗുരുദ്വാരയുടെ പരിസരത്തുള്ള കെട്ടിടത്തിലാണ് തുറന്നിരിക്കുന്നത്.
ബ്രിട്ടിഷ് കൊളംബിയ സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് എംബസി സ്ഥാപിച്ചിരിക്കുന്ന കെട്ടിടം നിർമ്മിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ പ്രവിശ്യാ സർക്കാർ അടുത്തിടെ 150,000 ഡോളർ നൽകിയതായും അവർ പറഞ്ഞു. അതേസമയം ഖലിസ്ഥാൻ തീവ്രവാദികൾക്കും അവരുടെ അനുകൂലികൾക്കുമെതിരെ കാനഡ നടപടികളൊന്നും സ്വീകരിക്കാത്തതിൽ ഇന്ത്യ പലതവണ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കാനഡയുടെ നിഷ്ക്രിയത്വവും കാനഡയിലെ ഖലിസ്ഥാൻ അനുകൂല സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങളും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.