ഓട്ടവ : എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കാനഡയുടെ പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. എഫ്-35 കരാർ കാനഡയ്ക്ക് അനുയോജ്യമാണോ അതോ മറ്റു മികച്ച ഓപ്ഷനുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയറിന് മാർക്ക് കാർണി നിർദ്ദേശം നൽകി. ഏകദേശം 8 കോടി 50 ലക്ഷം യുഎസ് ഡോളർ വീതമുള്ള 88 വിമാനങ്ങൾക്കാണ് ലോക്ഹീഡ് മാർട്ടിനും യുഎസ് സർക്കാരുമായി കരാറിലെത്തിയത്.
അതേസമയം യുഎസ്-കാനഡ “മാറിവരുന്ന അന്തരീക്ഷം” കണക്കിലെടുത്ത് സർക്കാർ കരാറിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന് ബ്ലെയറിൻ്റെ പ്രസ് സെക്രട്ടറി ലോറൻ്റ് ഡി കാസനോവ് പറയുന്നു. എന്നാൽ, കരാർ റദ്ദാക്കിയിട്ടില്ലെന്നും 16 വിമാനങ്ങൾ വാങ്ങാൻ കാനഡ നിയമപരമായി പ്രതിജ്ഞാബദ്ധമാണെന്നും ലോറൻ്റ് ഡി കാസനോവ് പറഞ്ഞു. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിനും കാനഡയെ കൂട്ടിച്ചേർക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണികൾക്കുമിടയിൽ വെള്ളിയാഴ്ചയാണ് മാർക്ക് കാർണി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.