newsroom@amcainnews.com

മുസ്‌ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻറാക്കി; വിവാദ പരാമർശവുമായി സിപിഎം നേതാവ് എ.എൻ. പ്രഭാകരൻ

കൽപറ്റ: പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരേ വിവാദ പരാമർശവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എൻ. പ്രഭാകരൻ. പനമരത്ത് മുസ്‌ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻറാക്കിയെന്നായിരുന്നു പരാമർശം. ‘‘പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റി. ലീഗിനെ കോൺഗ്രസ് കാലുവാരി. ആദ്യമായി മുസ്‌ലിം വനിത പ്രസിഡന്റായ പഞ്ചായത്തിലെ എൽഡിഎഫ് ഭരണം ലീഗ് മറിച്ചിട്ടു. അടുത്ത തിരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ മറുപടി പറയേണ്ടി വരും. കേസുണ്ടാക്കിയ അഷ്റഫ് എന്ന പൊലീസുകാരനോടു വേറെ ഒന്നും പറയാനില്ല. ഞങ്ങൾ ഇഷ്ടം പോലെ കേസിൽ പ്രതിയായതാണ്. വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട’’ – പ്രഭാകരൻ പറഞ്ഞു.

പനമരത്ത് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലാണു പ്രഭാകരൻ വിവാദ പരാമർശം നടത്തിയത്. ജനറൽ വിഭാഗത്തിലെ വനിതാ സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ടി വിഭാഗത്തിൽനിന്നുള്ള എ. ലക്ഷ്മിയെയാണ് മുസ്‌ലിം ലീഗ് തിരഞ്ഞെടുത്ത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്.

പിന്നീട് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എൽഡിഎഫിലെ ജെഡിഎസിൽനിന്നു പുറത്താക്കിയ ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച് അവിശ്വാസപ്രമേയത്തിനു അനുകൂലമായി വോട്ട് ചെയ്തതോടെ എൽഡിഎഫിനു ഭരണം നഷ്ടമായി. ബെന്നി ചെറിയാന്റെ പിന്തുണ കൂടി ഉറപ്പാക്കിയശേഷമാണു ലീഗ് എ.ലക്ഷ്മിയെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുത്തത്. അവിശ്വാസപ്രമേയത്തിൽ യുഡിഎഫിനു പിന്തുണ നൽകിയ ബെന്നി ചെറിയാനെ മർദിച്ച കേസിൽ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരായ 7 പേർക്കെതിരെ നേരത്തേ പൊലീസ് കേസെടുത്തിരുന്നു.

You might also like

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

Top Picks for You
Top Picks for You