അടുത്ത രണ്ട് വര്‍ഷത്തേക്ക് കര്‍ശന ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കണ്‍സര്‍വേറ്റീവ് ലീഡര്‍ പിയേര്‍ പൊളിയേവ്. ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, ജോലികള്‍ തുടങ്ങിയ മേഖലകളിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കുടിയേറ്റത്തില്‍ കര്‍ശനമായ പരിധി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് രാജ്യത്തേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പോകേണ്ടതുണ്ട്, ഓട്ടവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പിയേര്‍ പൊളിയേവ് പറഞ്ഞു.
ലിബറല്‍ സര്‍ക്കാരിന് കീഴില്‍ പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം ജനസംഖ്യാ വളര്‍ച്ചയുണ്ടായപ്പോള്‍ രാജ്യത്ത് കഷ്ടിച്ച് 200,000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. ഇത് രാജ്യത്തെ ഭവനപ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ബഹുരാഷ്ട്ര കമ്പനികള്‍ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിനാല്‍, സ്വദേശി യുവാക്കള്‍ കടുത്ത തൊഴിലില്ലായ്മയാണ് നേരിടുന്നതെന്നും പിയേര്‍ പൊളിയേവ് പറഞ്ഞു. കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 0.1% കുറഞ്ഞ് 6.9 ശതമാനത്തിലെത്തിയെങ്കിലും, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 14.2 ശതമാനമായി തുടരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.