newsroom@amcainnews.com

ഇന്ത്യക്കെതിരായ ആക്രമണത്തിൽ യാത്രാവിമാനങ്ങളെ കവചമാക്കി പാകിസ്ഥാൻ; നൂറിലേറെ വിമാനങ്ങൾ കടന്നുപോയതായി റിപ്പോർട്ട്

ദില്ലി: ഇന്ത്യക്കെതിരായ ആക്രമണത്തിൽ പാകിസ്ഥാൻ, യാത്രാവിമാനങ്ങളെ കവചമാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പാക് ആക്രമണം നടത്തിയ സമയം ഒരു അന്താരാഷ്ട്ര വിമാനം ഉൾപ്പെടെ രണ്ട് വിമാനങ്ങൾ പാക് വ്യോമപാതയിൽ ഉണ്ടായിരുന്നെന്ന് സേന അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യക്കെതിരായി പാകിസ്ഥാൻ ആക്രമണം അഴിച്ചുവിട്ട മെയ് 7,8 തീയതികളിലെ ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ പ്രകാരം പാക് ആകാശത്ത് കൂടി കടന്നു പോയത് 100 വിമാനങ്ങളാണെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപത്ത് കൂടെയും വിമാനങ്ങൾ പറന്നതായി ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ ഉദ്ധരിച്ച് ‘ഇന്ത്യ ടുഡെ’ റിപ്പോർട്ട് ചെയ്തു. മെയ് 7 രാത്രി ഏകദേശം 8.30 മുതലും മെയ് 8 അർധരാത്രിയിലുമായി പഞ്ചാബിലും സമീപ പ്രദേശങ്ങളിലും പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകൾ തൊടുത്ത സമയത്താണിത്.

പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആക്രമണം നടത്തിയ രണ്ട് ദിവസങ്ങളിലെ സമയം ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ ഉപയോഗിച്ച് വിശകലനം ചെയ്തപ്പോൾ 104 ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് പാക് ആകാശത്ത് കൂടി കടന്നു പോയതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ടിൽ വ്യക്തമാക്കി. ലാഹോർ, ഇസ്ലാമാബാദ്, കറാച്ചി വിമാനത്താവളങ്ങളിൽ നിന്നും പറന്നതും ലാൻഡ് ചെയ്തതുമായ വിമാനങ്ങളാണിവ. പാക് ആക്രമണം നടത്തിയ സമയത്ത് ഇവയിൽ പല വിമാനങ്ങളും അതിർത്തിക്ക് അടുത്തുകൂടി കടന്നു പോയിരുന്നു. ജമ്മു ആൻഡ് കശ്മീരിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തുമ്പോൾ എയർ സിയാലിൻറെ കറാച്ചി-ലാഹോർ വിമാനം, ലാഹോറിന് സമീപം എത്തിയിരുന്നു.

ഫ്ലൈറ്റ് ട്രേഡർ24ലെ വിവരങ്ങൾ പ്രകാരം 39 അന്താരാഷ്ട്ര വിമാന കമ്പനികളും ഇതുവഴി സർവീസ് നടത്തി. ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈനാസ്, ഖത്തർ എയർവേയ്സ്, എയർ അറേബ്യ, ഗൾഫ് എയർ, ജസീറ എയർലൈനുകളുടെ വിമാനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ദുബൈ, ദമ്മാം, അബുദാബി, മസ്കറ്റ്, ഷാർജ, കുവൈത്ത് സിറ്റി മദീന എന്നീ ഗൾഫ് നഗരങ്ങളിലേക്കാണ് ഈ അന്താരാഷ്ട്ര വിമാനങ്ങൾ പറന്നത്.

ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആക്രമണം നടത്തിയ സമയത്ത് ഇന്ത്യൻ വ്യോമപാതയിൽ യാത്രാ വിമാനങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. കൃത്യമായ മുന്നൊരുക്കം ഇന്ത്യ നടത്തിയിരുന്നു. എന്നാൽ പാകിസ്ഥാൻ വ്യോമപാതയിലൂടെ ഈ സമയം രണ്ട് യാത്രാ വിമാനങ്ങൾ കടന്നു പോയതായും ഇന്ത്യ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടലിൽ യാത്ര വിമാനങ്ങളെ പാകിസ്ഥാൻ കവചമാക്കിയതായും വാർത്താ സമ്മേളനത്തിൽ വിങ് കമാൻഡർ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്ന സമയം പാക് വ്യോമപാതയിലൂടെ കടന്നു പോയ ഫ്ലൈനാസ് വിമാനത്തിൻറെ വിവരം സേന എടുത്തു പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് ഇന്നലെ വൈകിട്ട് 5.50ന് പുറപ്പെട്ട് പാകിസ്ഥാനിലെ ലാഹോറിൽ രാത്രി 9.10 ന് എത്തിച്ചേർന്ന ഫ്ലൈനാസ് ഏവിയേഷൻറെ എയർബസ് 320 വിമാനമാണിതെന്ന് വ്യക്തമാക്കി. പാകിസ്ഥാൻ വ്യോമപാതയിലൂടെ കറാച്ചിക്കും ലാഹോറിനും ഇടയിലുള്ള ഒരു യാത്രാ വിമാനവും കടന്നുപോയിരുന്നു. യാത്രാ വിമാനങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത രീതിയിൽ ജാഗ്രതയോടെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

You might also like

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

Top Picks for You
Top Picks for You